ശാസ്താംകോട്ട:ഭരണിക്കാവിലെ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയത് ഉൾപ്പെടെ നിരവധി
മോഷണ കേസ്സുകളിലെ പ്രതിയെ
ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.മധുര തിരുമംഗലം കറുപ്പുസ്വാമി തെരുവിൽ സുന്ദരമൂർത്തി(46) ആണ് അറസ്റ്റിലായത്.മാർച്ച് 27ന് രാത്രിയിൽ ഭരണിക്കാവ് സെൻട്രൽ ബസാർ എന്ന സൂപ്പർ മാർക്കറ്റിൽ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടക്കുകയും ലോക്കർ പൊളിച്ച് ഇരുപതിനായിരം രൂപയും പതിനായിരം രൂപ വിലയുള്ള
ലോക്കറും അപഹരിച്ചു.കടയിൽ നിന്ന് ലഭിച്ച നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും പ്രതിയുടെ വിരലടയാളങ്ങളും ഉപ
യോഗിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ കാരാളിമുക്കിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഫെഡറൽ ബാങ്കിന് പിറകിൽ പതുങ്ങിയിരുന്നയാളെ പിടികൂടി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ ലഭിച്ചത്.
പിടികൂടിയ സമയം ഇയ്യാളുടെ
കൈവശം ഉണ്ടായിരുന്ന സഞ്ചിയിൽ നിന്നും കമ്പി വടി, ചുറ്റിക,സ്പാനർ എന്നിവ കണ്ടെടുത്തു.സുഗമമായി മോഷണം നടത്തുന്നതിനു വേണ്ടിയാണ് ഇവ കൊണ്ടു നടക്കുന്നത്.തമിഴ്നാട്ടിലെ സ്ഥിരം മോഷ്ടാവായ സുന്ദരമൂർത്തി ഭരണിക്കാവ്,കരുനാഗപ്പള്ളി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഏറെ നാളായി മോഷണം നടത്തി വരികയായിരുന്നു.പനപ്പെട്ടി ആശ്രമം ക്ഷേത്രത്തിലെ വഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്നത് ഉൾപ്പെടെ ശൂരനാട്,പുത്തൂർ സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.3 മാസം മുമ്പാണ് കോയമ്പത്തൂർ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.മോഷണം നടന്ന
ഭരണിക്കാവിലെ സൂപ്പർ മാർക്കറ്റിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.ഇവിടെ നിന്നും കവർന്ന
ലോക്കർ ദുരെയുളള പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെടുത്തു.പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും സി.ഐ എ.അനൂപ് അറിയിച്ചു.