സമസ്ത മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാമുഖ്യം ,മന്ത്രി കെ എൻ ബാലഗോപാൽ

Advertisement

ചടയമംഗലം .സമസ്ത മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാമുഖ്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി വരുന്നതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തിന്റെ പുരോഗതിക്ക് പ്രധാനപ്പെട്ട പങ്കുവഹിക്കാൻ പുതിയ ഓഫീസിന് കഴിയും. സാധാരണക്കാർ ഏറ്റവും അധികം എത്തുന്ന സ്ഥലമാണ് പഞ്ചായത്ത് ഓഫീസ്. സര്‍ക്കാരിന്റെ ജനകീയ മുഖമായി മാറാന്‍ ജീവനക്കാര്‍ക്ക് കഴിയണം. നികുതി വരുമാനം 70000 കോടിയിലേക്ക് ഈ വർഷം എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ ആയൂർ -ചുണ്ട പി ഡബ്ല്യു ഡി റോഡ് ബി എം ആൻഡ് ബി സി നിലവാരത്തിലേക്ക് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.

ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ തനത്, പ്ലാൻ ഫണ്ടുകളിൽ നിന്ന് 1.75 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടമാണ് രണ്ടുനിലകളിലായി നിർമിക്കുന്നത്. സിവിൽ വർക്ക്, ലാൻഡ് സ്കേപ്പിങ്, വൈദ്യുതീകരണം തുടങ്ങിയവയും നടപ്പാക്കും.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ജെ നജീബത്ത്, സാം കെ ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി ദിനേശ് കുമാർ, എ നൗഷാദ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബി ഗിരിജമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി എസ് സോളി, ബി ബൈജു, ബി എസ് ബിന, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ സാം ജോഷ്വാ, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement