വേനലിൽ കുളിർമയേകി കണ്ണാടിക്കുളം

Advertisement

കുന്നത്തൂർ: വേനൽച്ചൂടിൽ നാട് വെന്തുരുകുമ്പോൾ കുളിർമ്മയേകി ആശ്വാസം പകർന്ന് കണ്ണാടിക്കുളം.ശാസ്താംകോട്ട ഭരണിക്കാവ് മുതുപിലാക്കാട്  അശ്വതി ജംഗ്ഷന് സമീപത്തെ കുളത്തിൽ നീന്തിക്കുളിച്ച് ഉല്ലസിക്കാൻ നൂറു കണക്കിനാളുകളാണ് ദിവസേന എത്തുന്നത്. ജലദൗർലഭ്യം നേരിടുന്ന വേനൽക്കാലത്ത് പ്രദേശവാസികൾ കുളിക്കുന്നതിനും തുണി അലക്കുന്നതിനും കൃഷിക്കാവശ്യത്തിനും ഉപയോഗിച്ചിരുന്ന മുണ്ടുചിറകുളത്തിൽ മറ്റിടങ്ങളിൽ നിന്നും ആളുകൾ എത്തിയതോടെയാണ്  കണ്ണാടിക്കുളം എന്ന  പേര് ചാർത്തി നൽകപ്പെട്ടത്. കണ്ണാടി പോലെ തെളിമയാർന്ന വെള്ളം തുളുമ്പി നിൽക്കുന്ന  കുളത്തിന് അവർ ആ പേര് നൽകിയതിൽ അത്ഭുതപ്പെടാനുമില്ല. കണ്ണാടിക്കുളത്തിന്റെ പേരും പെരുമയും വ്യാപിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ,സമീപ ജില്ലകളിൽ നിന്നും ആളുകൾ ഇവിടേക്ക് എത്തി കൊണ്ടിരിക്കുകയാണ്. നീന്തൽ പഠിക്കാനെത്തുന്നവരും ഏറെ. പേരുപോലെ തന്നെ തെളിമയും വെള്ളത്തിന് തണുപ്പും ഉള്ളതാണ് കുളത്തെ പ്രിയങ്കരമാക്കുന്നത്.  കുളത്തിനോട് ചേർന്നുള്ള തോട്ടിൽ കൂടി കൃഷിക്കാവശ്യമായ വെള്ളം ഒഴുക്കുന്നതിനാൽ കുളത്തിൽ മാലിന്യവും കെട്ടികിടക്കാറില്ല. പതിനഞ്ച് അടിയിലേറെ ആഴമുള്ള കുളത്തിൽ ഇതുവരെ ഒരു അത്യാഹിതവും സംഭവിച്ചിട്ടില്ല