പരവൂര്‍.വീടിന് മുന്നില്‍ മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്യ്ത ആളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍
വീടിന് മുന്നില്‍ മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്യ്ത ആളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പോലീസ് പിടിയില്‍. പൂതക്കുളം , ജി.പി മന്ദിരത്തില്‍ കുഞ്ചു എന്ന അഭിനേഷ്(40), പൂതക്കുളം, കിളിതട്ടില്‍ തെക്കതില്‍ സുഭാഷ് കുമാര്‍(40), പൂതക്കുളം, കിളിതട്ടില്‍ കിഴക്കതില്‍ മണികണ്ഠന്‍ എന്ന രതീഷ്(32) എന്നിവരാണ് പരവൂര്‍ പോലീസിന്‍റെ പിടിയിലായത്. പൂതക്കുളം വില്ലേജില്‍ കടമ്പ്ര മാടന്‍ നടക്ക് സമീപം കടമ്പ്രവീട്ടില്‍ വാടകക്ക് തമാസിക്കുന്ന സുനില്‍കുമാറിനെയാണ് ഇവര്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സുനില്‍കുമാറും കുടുംബവും താമസിക്കുന്ന കടമ്പ്രവീടിന് മുന്‍വശം പ്രതികള്‍ കൂട്ടം കൂടി മദ്യപിക്കുന്നതും ബഹളം ഉണ്ടാക്കുന്നതും പതിവാണ്. ഇതിനെ പലപ്പോഴും സുനില്‍കുമാര്‍ എതിര്‍ത്തിരുന്നു. ഈ വിരോധത്തിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ഇയാളെ ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെ മാരകായുധങ്ങളുമായി വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കമ്പിവടിയും വെട്ടുകത്തിയുമായി സുനില്‍കുമാറിനേയും കുടുംബത്തേയും ആക്രമിച്ച പ്രതികള്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വെട്ടുകത്തികൊണ്ട് തലയില്‍ വെട്ടിയും, കമ്പിവടികൊണ്ട് അടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു. കമ്പിവടി കൊണ്ട് തലയിലും കാല്‍മുട്ടിനും അടിയേറ്റ് നിലത്ത് വീണ സുനില്‍കുമാറിനെ പ്രതികള്‍ നിലത്തിട്ട് ചവിട്ടുകയും, മര്‍ദ്ദിക്കുകയും ചെയ്യ്തു. നിലവിളികേട്ട് തടയാന്‍ ശ്രമിച്ച ഭാര്യയേയും മകളേയും ഇവര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു.
സുനില്‍കുമാറിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം വീടിന്‍റെ ജനല്‍ചില്ലുകളും, മുന്‍വശത്തിരുന്ന ബൈക്കും തല്ലിത്തകര്‍ക്കുകയും കഴുത്തില്‍ കിടന്ന മൂന്നര പവന്‍റെ സ്വര്‍ണ്ണമാല പൊട്ടിച്ച് എടുക്കുകയും ചെയ്യ്തു. സംഭവ ശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതികളെ പരവൂര്‍ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പരവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ നിസാര്‍, എസ്ഐ നിതിന്‍ നളന്‍, എഎസ്ഐ രമേശന്‍, നിസാം, എസ്.സി.പി.ഓ മാരായ സതീഷ്കുമാര്‍, റലേഷ്കുമാര്‍, സിപിഒ അജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.