ശാസ്താംകോട്ടയിൽ അടച്ചിട്ടിരുന്ന വീട്ടിലെ 55പവന്‍ മോഷണം:ഡോഗ് സ്ക്വാഡുംവിരലടയാള വിദഗ്ധരും എത്തി; പ്രതി സുന്ദരമൂർത്തിയോ ?

Advertisement

ശാസ്താംകോട്ട : മനക്കര മണ്ണെണ്ണ മുക്കിനു സമീപം വീട്ടിൽ നിന്നും 55 പവൻ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു.തെളിവുകൾ ശേഖരിക്കുന്നതിനിടയിൽ പോലീസ് നായ കുറച്ച് ദൂരത്തേക്ക് ഓടിയശേഷം മടങ്ങിയെത്തി.മനക്കര വൃന്ദാവനിൽ റിട്ട.പഞ്ചായത്ത് സെക്രട്ടറി ദിലീപ് കുമാറിന്റെ വീട്ടിലാണ് ആളില്ലാത്ത
ദിവസം മോഷണം നടന്നത്.ദിലീപ് കുമാറും കുടുംബവും കൊച്ചിയിൽ ഡോക്ടറായ മകന്റെ വീട്ടിലേക്ക് കഴിഞ്ഞ ബുധനാഴ്ച രാവിലെ പോയിരുന്നു.ശനിയാഴ്ച രാത്രി 11 ഓടെ മടങ്ങി എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.വീടിന്റെ ഗ്രില്ലുകളും കതകും തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ അലമാരിയുടെ പൂട്ട് പൊളിച്ചാണ് സ്വർണവും പണവും കവർന്നത്.

ശാസ്താംകോട്ട എസ്.ഐ ഷാനവാസിന്റെ നേതൃത്വത്തിലുള്ള പോലീസ്
സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.മോഷണം പോയ സ്വർണാഭരണങ്ങൾ അടക്കം വീട്ടുകാർ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടോയെന്ന് പോലീസ് പരിശോധിക്കും.വീട്ടുകാർ കൊച്ചിയിൽ പോയി മടങ്ങി എത്തിയ ശനി വരെയുള്ള ദിവസങ്ങളിൽ എന്നാണ് മോഷണം നടന്നതെന്നും വ്യക്തമല്ല.നീരീക്ഷണ ക്യാമറ ദൃശ്യങ്ങളും ലഭിച്ചിട്ടില്ല.വീട്ടുകാർ കൊച്ചിയിൽ പോയ ദിവസം അർദ്ധരാത്രിയിലാണ് അന്തർ സംസ്ഥാന മോഷ്ടാവും തമിഴ്നാട് മധുര തിരുമംഗലം സ്വദേശിയുമായ സുന്ദരമൂർത്തി(46)യെ കാരാളിമുക്കിൽ നിന്നും ആയുധങ്ങളുമായി പോലീസ് പിടികൂടിയത്.എന്നാൽ മനക്കരയിലെ മോഷണം സംബന്ധിച്ച് ഇയ്യാളിൽ നിന്നും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.അതിനിടെ മുൻപ് സമാന കേസ്സുകളിൽ ഉൾപ്പെട്ടവരെ ചുറ്റിപ്പറ്റി അന്വേഷണം ഊർജിതമാക്കാനാണ്
പോലീസിന്റെ തീരുമാനമെന്ന് എസ്.ഐ അറിയിച്ചു.

Advertisement