ശാസ്താംകോട്ട : മനക്കര മണ്ണെണ്ണ മുക്കിനു സമീപം വീട്ടിൽ നിന്നും 43 പവൻ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ശാസ്താംകോട്ട എസ്.ഐ ഷാനവാസിന്റെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണം നടത്തുന്നത്.
ഇതിനോടകം നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല.സമാന രീതിയിൽ മുമ്പ് കേസ്സുകളിൽപ്പെട്ടവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.മോഷണം നടന്ന വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവർക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് വിവരം.പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പോലീസ് ശേഖരിക്കും.അതിനിടെ കാരാളിമുക്കിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസ് പിടികൂടിയ അന്തർ സംസ്ഥാന മോഷ്ടാവ് തമിഴ്നാട് മധുര തിരുമംഗലം സ്വദേശി സുന്ദരമൂർത്തി(46)ക്ക് മനക്കരയിലെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധമില്ലെന്ന് എസ്.ഐ അറിയിച്ചു.
മണ്ണെണ്ണ മുക്കിനു സമീപം വൃന്ദാവനിൽ റിട്ട.പഞ്ചായത്ത് സെക്രട്ടറി ദിലീപ് കുമാറിന്റെ വീട്ടിൽ നടന്ന വൻ മോഷണം ശനിയാഴ്ച രാത്രി 11 ഓടെ ആണ് പുറത്തറിയുന്നത്.വീട്ടിൽ ആളില്ലാത്ത സമയം നോക്കിയാണ് മോഷണം നടന്നത്.ദിലീപ് കുമാറും കുടുംബവും കൊച്ചിയിൽ മകന്റെ വീട്ടിലേക്ക് കഴിഞ്ഞ ബുധനാഴ്ച രാവിലെ പോയിരുന്നു.ശനിയാഴ്ച രാത്രി 11 ഓടെ ആണ് മടങ്ങി എത്തിയത്.വീടിന്റെ മുൻ ഭാഗത്തെ ഗ്രില്ലുകളും കതകും തുറന്നിട്ട നിലയിലായിരുന്നു.തുടർന്നു നടത്തിയ പരിശോധനയിലാണ് അലമാരയുടെ പൂട്ട് പൊളിച്ച് സ്വർണവും പണവും കവർന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.