കൊല്ലം . സ്വന്തം കൊമ്പുപയോഗിച്ച് വിധി തീര്‍ത്ത കൂച്ചുവിലങ്ങില്‍ ജീവിതം പ്രതിസന്ധിയിലായ കൊച്ചയ്യപ്പന് ഇനി മോചനം. ഇരുകൊമ്പുകളും വളർന്ന് കൊരുത്ത് തുമ്പിക്കൈ ഉയർത്താൻ കഴിയാതെയായ വെള്ളിമൺ ഗജലക്ഷ്മിയിൽ കൊച്ചയ്യപ്പനെന്ന കരിവീരന്‍റെ ഇരുകൊമ്പുകളുടെയും വളർന്ന ഭാഗം മുറിച്ചുമാറ്റി മിനുക്കിയെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാവിലെ 9.30ന് ആരംഭിച്ച നടപടികൾ അവസാനിച്ചത് വൈകിട്ട് 3ഓടെയായിരുന്നു.
വനംവകുപ്പ് വെറ്റിനറി സർജൻ ഡോ.സിബി, റേഞ്ച് ഓഫീസർ അജിത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നാസ്സറുദ്ദീൻ, ഫോറസ്റ്റ് ഗാർഡ് മണികണ്ഠൻ എന്നിവരുടെ സംഘമായിരുന്നു ആവശ്യമായ പരിശോധനകൾ നടത്തിയത്. ആനയെ തിരിച്ചറിയാനായി ആദ്യം നടത്തിയത് ആനയിൽ ഘടിപ്പിച്ചിട്ടുള്ള മൈക്രോചിപ്പ് പരിശോധനയായിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി, ഇൻഷുറൻസ് തുടങ്ങിയ രേഖകൾ പരിശോധിച്ചു. എല്ലാം ശരിയെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രമേ നടപടികൾക്ക് അനുമതി നൽകിയുള്ളൂ. മുറിയ്ക്കുന്നതിന് മുമ്പ് കൊമ്പുകളുടെ നീളം അളന്ന് തിട്ടപ്പെടുത്തി.
തുടർന്ന് കൊമ്പുമുറിയ്ക്കൽ വിദഗ്ധൻ എറണാകുളം എളമക്കര വിനയൻ സഹായി അജി എന്നിവർ ചേർന്നാണ് ഓരോ കൊമ്പും മുറിച്ചു നീക്കിയത്. ശാന്തനായി വിലങ്ങുനീക്കുന്നത് കാത്ത് കിടന്നുകൊടുക്കുകയായിരുന്നു കൊച്ചയ്യപ്പന്‍. പണ്ട് പാപ്പാന്മാര്‍ തന്നെ നിസാരമായി ചെയ്യുന്ന ഈ ജോലിക്ക് ഇപ്പോള്‍ ഒരുപാട് നിയമ നടപടികള്‍ തരണം ചെയ്യണം.ഇതുതന്നെയാണ് ഈ പ്രശ്നം വൈകിപ്പിച്ച് ആനയുടെ ജീവന്‍ തന്നെ അപകടത്തിലാവുംവരെ പോകാനിടയാക്കുന്നത്.