കരുനാഗപ്പള്ളി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കരുനാഗപ്പള്ളി സ്വദേശി പോലീസ് പിടിയിലായി. കല്ലേലിഭാഗം, വിനേഷ് ഭവനത്തില്‍ ബിജു.വി ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ആദിനാട് കാട്ടില്‍കടവിലുള്ള പ്രസേനനില്‍ നിന്നും ഇയാളുടെ സുഹൃത്തുക്കളായ മോഹനന്‍, കാര്‍ത്തികേയന്‍ എന്നിവരില്‍ നിന്നുമായി 23 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. പ്രസാര്‍ ഭാരതിയില്‍ ക്ലറിക്കല്‍ പോസ്റ്റിലേക്ക് ജോലി വാങ്ങി നല്‍കാമെന്ന പേരില്‍ വാട്ട്സാപ്പ് വഴി മെസ്സേജ് അയച്ചും ഫോണ്‍ ചെയ്തുമാണ് ഇയാള്‍ തട്ടിപ്പ് നടത്തി വന്നത്.
കഴിഞ്ഞ ജൂണിന് പ്രസേനനും സുഹൃത്തുക്കളും താമസിക്കുന്ന വീട്ടിലെത്തി പണം നല്‍കിയാല്‍ ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇവരില്‍ നിന്ന് മൊത്തം 23 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് തട്ടിപ്പ് മനസ്സിലാക്കി പണം തിരികെ ചോദിച്ചപ്പോള്‍ വണ്ടി ചെക്ക് നല്‍കി പറ്റിക്കുകയായിരുന്നു. പിന്നീട് ഇവര്‍ കരുനാഗപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ വി.എസ് പ്രദീപ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷെമീര്‍, ഷാജിമോന്‍, എഎസ്‌ഐ നിസ്സാമുദ്ദീന്‍ സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.