കരുനാഗപ്പള്ളി . സ്കൂൾ വിദ്യാർഥിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് ജീവപര്യന്തം ശിക്ഷ കരുനാഗപ്പള്ളി പോക്സോ കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷിച്ചത്. കുലശേഖരപുരം സ്വദേശി
പക്കി സുനി എന്നുവിളിക്കുന്ന സുനിൽ കുമാറിനെ (36)യാണ് ശിക്ഷിച്ചത്. 2017-ലാണ് കേസിനാസ്പദമായ സംഭവം. ഓച്ചിറ പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. അന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്ന പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി സൗദിയിലേക്ക് രക്ഷപെട്ടു. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരളാ പോലീസ് സൗദിയിലെത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമങ്ങളും പോക്സോ ആക്ടുകളും ഉൾപ്പെടെ പരിഗണിച്ചാണ് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൂടാതെ, വിവിധ വകുപ്പുകളിലായി പത്തു വർഷം തടവും രണ്ടുലക്ഷം രൂപാ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. കരുനാഗപ്പള്ളി പോക്സോ കോടതി ജഡ്ജി വി ഉദയകുമാറാണ് ശിക്ഷവിധിച്ചത്. പ്രസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ സി പ്രേംചന്ദ്രൻ കോടതിയിൽ ഹാജരായി.