കൊല്ലം. പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായി മാറിയ 3 കുപ്രസിദ്ധ കുറ്റവാളികളെ സിറ്റി പോലീസ് പരിധിയില്‍ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലടച്ചു.
പാരിപ്പള്ളി വില്ലേജില്‍ കുളത്തൂര്‍കോണം ചേരിയില്‍ ചിറക്കര നന്ദു ഭവനില്‍ തീവെട്ടി ബാബു എന്ന ബാബു(61), കൊല്ലം വെസ്റ്റ് വില്ലേജില്‍ പള്ളിത്തോട്ടം ചേരിയില്‍ കൗമുദി നഗര്‍-48, ലൗലാന്‍റില്‍ ഷാനു (27), മീനാട് ഫൈസി എന്ന അമല്‍ഷാ (28) എന്നിവരെയാണ് കാപ്പാ പ്രകാരം അറസ്റ്റ് ചെയ്യ്ത് കരുതല്‍ തടങ്കലിലാക്കിയത്.
2017 മുതല്‍ ഗുരുവായൂര്‍ ടെമ്പിള്‍, പൂജപ്പുര, വര്‍ക്കല, തലയോലപ്പറമ്പ്, ചടയമംഗലം, പൂജപ്പുര, ഈരാറ്റുപേട്ട, പാലാ, പരവ്വൂര്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം, ഭവനഭേദനം, നിരോധിത മയക്കുമരുന്ന് കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള 9 ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് തീവെട്ടി ബാബു.
ഷാനുവിനെതിരെ 2017 മുതല്‍ 11 കേസുകളാണ് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളത്. വ്യക്തികള്‍ക്ക് നേരെയുള്ള ആക്രമണം, ആയുധം കൊണ്ടുള്ള ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, കുറ്റകരമായ നരഹത്യശ്രമം എന്നിവ സംബന്ധിച്ച കേസുകളാണ് ഇവ.
2018 മുതല്‍ ചാത്തന്നൂര്‍, ശക്തികുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള 5 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഫൈസി എന്ന അമല്‍ഷാ. എന്‍.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് പുറമേ വ്യക്തികള്‍ക്ക് നേരെയുള്ള കൈയ്യേറ്റതിനും അതിക്രമത്തിനും രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളവയാണ് ഇയാള്‍ക്കെതിരെയുളള കേസുകള്‍.
ഇവര്‍ മൂന്നുപേരും കരുതല്‍ തടങ്കല്‍ കഴിഞ്ഞ് മോചിതനായി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ അഫ്സാന പര്‍വീണ്‍ ഐ.എ.എസ്സ് ന് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിനുത്തരവായത്. ഇവരെ കരുതല്‍ തടങ്കലിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.