കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ മേടതിരുവാതിര മഹോത്സവം ഏപ്രില്‍ 15ന് കൊടിയേറി ഏപ്രില്‍ 25ന് തിരു ആറാട്ടും വമ്പിച്ച കെട്ടുകാഴ്ചയോടെയും സമാപിക്കും. ക്ഷേത്രകലകള്‍ക്കും ആഘോഷകലകള്‍ക്കും അകത്തും പുറത്തുമായി രണ്ടു സ്റ്റേജുകളാണ് ഒരുക്കിയിരിക്കുന്നത്. പൂജ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപാട്, മേല്‍ ശാന്തി പി പ്രശാന്ത്,, കീഴ് ശാന്തി സഞ്ജയന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്തില്‍ നടക്കും. ഏപ്രില്‍ 15 ന് രാവിലെ 7.30 ന് തൃക്കൊടിയേറ്റ് ചടങ്ങുകള്‍ നടക്കും. രാത്രി 7.30ന് ഉദ്ഘാടന സമ്മേളനം പ്രശസ്ത സിനിമ നിര്‍മ്മാതാവ് അജിത് വിനായക ഉദ്ഘാടനം ചെയ്യും. റൂറല്‍ എസ് പി സുനില്‍ എം എല്‍ ഐ പി എസ് മുഖ്യ അതിഥിയായിരിക്കും. കലാ പരിപാടികള്‍ക്ക് പുറമെ അദ്ധ്യാത്മിക പ്രഭാഷണം, ക്ഷേത്രവും നഗരവും വൈദ്യുതദീപാലാങ്കാരം, അന്നദാനം, കര പറച്ചില്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഏപ്രില്‍ 23 ഒന്‍പതാം ഉത്സവദിനം രാത്രി 7 ന് സാംസ്‌കാരിക സമ്മേളനം ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. എന്‍ വി നമ്പ്യാതിരി പുരസ്‌കാരം ഭാഗവതസൂരി അശോക് വി കടവൂര്‍, കഥകളിയുവകല പുരസ്‌കാരം കുടവട്ടൂര്‍ ഗണേഷ് എസ് മുരളി, പെരുന്തച്ചന്‍ പുരസ്‌കാരം സുനില്‍ തഴക്കര എന്നിവര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. രാത്രി 9.30 മുതല്‍ മേജര്‍സെറ്റ് കഥകളി. ഏപ്രില്‍ 25 പതിനൊന്നാം ദിവസം രാവിലേ 8.30 മുതല്‍ തിരു ആറാട്ടും, തൃക്കൊടിയിറക്കും. വൈകിട്ട് 3.30 മുതല്‍ ഗജവീരന്‍മാരുടെ അകമ്പടിയോടെ 100 ലധികം കെട്ടു കാഴ്ചകളും അടങ്ങിയ ഘോഷയാത്ര എന്നിവ ഉണ്ടായിരിക്കുമെന്ന് പത്ര സമ്മേളനത്തില്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജന്‍ ബാബു,സെക്രട്ടറി സ്മിത രവി, വൈസ് പ്രസിഡന്റ് ഷണ്മുഖന്‍ ആചാരി, ഉപദേശക സമിതി അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.