കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള കൊല്ലം പൂരത്തിന് വെടിക്കെട്ട് നടത്താന്‍ കേരള ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കി. ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്ര ഉപദേശക സമിതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് അപകടത്തിന് ശേഷം സംസ്ഥാനത്ത് ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിക്കെട്ടിന് ശക്തമായ നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്ര ഉപദേശക സമിതി ജില്ലാ കളക്ടറിനും, എഡിഎമ്മിനും, ജില്ലാ പോലീസ് മേധാവിക്കും അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും സുരക്ഷാകാരണങ്ങള്‍ പറഞ്ഞു അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ക്ഷേത്ര ആചാരത്തിന്റെ ഭാഗമായ വെടിക്കെട്ട് നടത്താന്‍ അനുമതി ആവശ്യപ്പെട്ട് ക്ഷേത്രഭരണസമിതി കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകരായ വിഷ്ണു വിജയന്‍, ഹരികൃഷ്ണന്‍, കൗഷിക്.എം. ദാസ്, ആതിര കെ. ദാസ് എന്നിവര്‍ ക്ഷേത്ര ഉപദേശക സമിതിക്ക് വേണ്ടി കോടതിയില്‍ ഹാജരായി.
കേസ് പരിഗണിച്ച കോടതി പെസോ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ രേഖകള്‍ കൊല്ലം എ ഡി എമ്മിന് മുന്നില്‍ ഹാജരാക്കി അനുമതി നേടാം എന്നാണ് കോടതിയുടെ ഉത്തരവ്. വെടിക്കെട്ടിന് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.