കൊല്ലം കളക്ട്രേറ്റ് സ്‌ഫോടനം:കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളെ എത്തിച്ചു

Advertisement

കൊല്ലം: കൊല്ലം കളക്ട്രേറ്റിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിനായ കേസിലെ മുഴുവന്‍ പ്രതികളെയും ഇന്നലെ എത്തിച്ചിരുന്നു. കേസിലെ പ്രതികളായ അബ്ബാസ് അലി (32), ഷംസൂണ്‍ കരിം രാജ (27), ദാവൂദ് സുലൈമാന്‍ (27), ഷംസുദ്ദീന്‍ (28) എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് കോടതിയിലെത്തിച്ചത്. കുറ്റം നിഷേധിക്കുന്നതായി പ്രതികള്‍ കോടതിയെ അറിയിച്ചു.
2016 ജൂണ്‍ 15ന് രാവിലെ 10.50ഓടെയാണ് കൊല്ലം കളക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം നടന്നത്. തൊഴില്‍ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പിലാണ് ബോംബ് വെച്ചത്. തിങ്കളാഴ്ച കുറ്റപത്രം വായിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കേസിലെ മുഴുവന്‍ പ്രതികളെയും ഹാജരാക്കാതിരുന്നതിനാലാണ് ഇന്നലത്തേക്ക് മാറ്റിയത്. നാലു പ്രതികളെയും ഹാജരാക്കണമെന്ന കര്‍ശന നിര്‍ദേശം കോടതി നല്‍കിയിരുന്നു. കൊല്ലത്തിന് പിന്നാലെ മലപ്പുറം കളക്ടറേറ്റ്, നെല്ലൂര്‍, ചിറ്റൂര്‍, മൈസൂരു എന്നിവിടങ്ങളിലും ഇതേ സംഘം സ്‌ഫോടനങ്ങള്‍ നടത്തിയിരുന്നു.