ആനയടി സർഗോത്സവം വെള്ളിയാഴ്ച സമാപിക്കും

Advertisement

ശാസ്താംകോട്ട:അഡ്വ.ജി.ശശി ഫൗണ്ടേഷനും സമന്വയ ഗ്രന്ഥശാലയും ചേർന്ന് സംഘടിപ്പിക്കുന്ന ആനയടി സർഗോത്സവം വെള്ളിയാഴ്ച സമാപിക്കും.ആനയടി വഞ്ചി മുക്കിൽ നടക്കുന്ന സർഗോത്സവത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിച്ചു.ആധുനിക കാലത്ത്
മനുഷ്യ സ്നേഹത്തെ പോലും ലാഭനഷ്ടത്തിന്റെ അടിസ്ഥാനത്തിൽ കച്ചവടതാൽപ്പര്യത്തേടെയാണ് ഓരോരുത്തരും കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സമന്വയ ഗ്രന്ഥശാലാ പ്രസിഡന്റ് കെ.ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസാർ ഷാഫി,ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ,ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എസ്.ശശികുമാർ,പ്രസിഡന്റ് ആർ.അജയൻ,ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ,ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.സുന്ദരേശൻ ,ഗ്രാമപഞ്ചായത്ത് അംഗം ബി.സുനിൽ കുമാർ,സി.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ചെയർമാൻ ആനയടി അനിൽ കുമാർ സ്വാഗതവും കുമാരി കീർത്തന നന്ദിയും പറഞ്ഞു.ഇന്ന് നാലിന് നടക്കുന്ന കവിസമ്മേളനം ഷൈനി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.വിവിധ കവിതകൾ അവതരിപ്പിക്കും.5.30ന് കാലത്തിന്റെ കാലൊച്ച എന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും.രാത്രി ഏഴിന് കുമാരി നമിത ശ്രീകുമാർ അവതരിപിക്കുന്ന കഥാപ്രസംഗം,7.30ന്
മയൂഖ.എം.കുറുപ്പ്,ഋഷികേശ്, സായി കൃഷ്ണ എന്നിവർ അവതരിപ്പിക്കുന്ന
നൃത്തനിശ.വെള്ളിയാഴ്ച രാവിലെ 10ന് സിനിമാ പ്രവർത്തകർ പങ്കെടുക്കുന്ന ബാല സർഗ വേദി വെള്ളിത്തിരയിലൂടെ,11.30 ന് പ്രസിദ്ധ സംഗീതജ്ഞൻ ചേപ്പാട്.വി.പ്രദീപ് നയിക്കുന്ന സംഗീത സല്ലാപം -സർവം സകലം സംഗീതം,2 മണി മുതൽ സർഗ്ഗ സമ്മേളനം,3.30 മുതൽ മക്കളെ അറിയാൻ,വൈകിട്ട് 5.30ന് നടക്കുന്ന സമാപനസമ്മേളനം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനംചെയ്യും.എസ്.അനിൽ അധ്യക്ഷത വഹിക്കും.രാത്രി ഏഴിന് ആനയടി അനിൽകുമാർ,രാകേഷ് ആനയടി എന്നിവർ അവതരിപ്പിക്കുന്ന സംഗീതനിശ എന്നിവ നടക്കും.