അഞ്ചൽ. ഏരൂർ മേഖലയിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് വിതരണം ചെയ്യുന്ന രണ്ട് യുവാക്കളെ അഞ്ചൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഏരൂർ പുഞ്ചിരിമുക്ക് സ്വദേശികളായ 20 വയസ് വീതമുള്ള മിഥുൻ, പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്. വിതരണം ചെയ്യാനുള്ള ചെറിയ കഞ്ചാവ് പൊതികളും യുവാക്കളിൽ നിന്നും എക്സൈസ സംഘം കണ്ടെത്തി. എക്സൈസിന്റെ പിടിയിലായ യുവാക്കളെ കുറിച്ച് പ്രദേശത്ത് നിന്നും വ്യാപക പരാതി ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം യുവാക്കളെ നിരീക്ഷിച്ചുവരികയായിരുന്നു. പിടിയിലായവരുടെ മറ്റ് സഹായികളെ കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും
ഏരൂർ മേഖലയിലെ സ്കൂളിലും പരിസരത്തും കഞ്ചാവ് വിതരണം ചെയ്ത് വന്നവരാണ് പിടിയിലായതെന്നും അഞ്ചൽ എക്സൈസ് അധികൃതർ പറഞ്ഞു. അഞ്ചൽ എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ എസ്. അജയൻ പിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ മത്യൂ, റിഞ്ചോ വർഗ്ഗീ, ലിറ്റോ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ഏരൂർ പുഞ്ചിരി മുക്കിന് സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികളുമായി യുവാക്കൾ പിടിയിലായത് .
പിടിയിലായ മിഥുൻ നിലവിൽ കടയ്ക്കലിൽ വാടകയ്ക്ക് താമസിച്ച് വരുകയാണ്.