ഓയൂർ: നെടുമൺ കാവിൽ കഴിഞ്ഞ ദിവസം ഉണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു ഗുരുതര പരിക്ക്. കരീപ്ര പ്ലാക്കോട് വിഷ്ണുഭവനിൽ വിജയകുമാർ , കമല ദമ്പതികളുടെ മകൻ വി.കെ. വിഷ്ണു ( 26 ) ആണ് മരിച്ചത്. വിഷ്ണുവിനൊപ്പം യാത്ര ചെയ്ത കടയ്ക്കോട് സ്വദേശി ശ്യാം( 28 )നെഗുരുതര പരിക്കുകളോടെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. വിഷ്ണുവും ശ്യാമും കൂടി ബൈക്കിൽനെടുമൺ കാവിൽ പോയി തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങി കൊണ്ടുവരുന്നതിനിടയിൽ വാക്കനാട് കൊമ്പൻ മുക്ക് ഗുരുമന്ദിരത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. നെടുമൺ കാവ് – എഴുകോൺ റോഡിൽ കൊമ്പൻ മുക്കിൽ ഓടക്ക് മുകളിൽ സ്ലാബ് നിർമ്മിക്കുന്നതിന്റെ ഭാഗമായി എടുത്തിട്ടിരിക്കുന്ന കുഴിയിൽ ബൈക്ക് വീഴാതിരിക്കുന്നതിനായി വെട്ടിത്തിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം നടത്തി. എഴുകോൺ പോലീസ് കേസെടുത്തു.