ഷൂട്ടർമാരും പരാജയപ്പെട്ടു; ജനങ്ങൾക്കും കർഷകർക്കും ഒരുപോലെ ഭീഷണിയായി പോരുവഴിയിലെ കാട്ടുപന്നി ശല്യം

Advertisement

പോരുവഴി:പോരുവഴി പഞ്ചായത്തിലെ രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് അറുതി വരുത്താൻ ഷൂട്ടർമാരെ നിയമിച്ചിട്ടും ഫലമില്ല.പന്നികളെ നശിപ്പിക്കാനായി ലൈസൻസുള്ള ഷൂട്ടർമാരെ നിയമിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു കാട്ടുപന്നിയെ പോലും നശിപിക്കാൻ കഴിയാത്തത് കർഷകർക്കും ജനങ്ങൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.
പഞ്ചായത്ത് പ്രസിഡന്റിന് സർക്കാർ നൽകിയ സവിശേഷമായ അധികാരം ഉപയോഗിച്ചാണ് പ്രാഗൽഭ്യമുള്ളതും തോക്ക് ലൈസൻസ് ഉള്ളവരുമായ രണ്ടു പേരെ നിയോഗിച്ചത്.
കാട്ടുപന്നികളെ അനുവദനീയമായ മാർഗത്തിലൂടെ കൊന്നു ഇല്ലായ്മ ചെയ്യാനാണ് ഇരുവരെയും പഞ്ചായത്ത് ചുമതലപ്പെടുത്തിയത്.മാവേലിക്കര സ്വദേശിയായ അംഗീകൃത ഷൂട്ടർ അജിത്ത് പി.മാത്യു,സഹായി ദിലീപ് കോശി എന്നിവരെയാണ് പന്നി വേട്ടയ്ക്കായി നിയമിച്ചത് എന്നാൽ രാത്രി കാലങ്ങളിൽ പന്നികളെ കണ്ടെത്താൻ കഴിയാത്തത് വലിയ വെല്ലുവിളി ഉയർത്തുകയാണ്.വിവിധ ഏലാകളിൽ കാർഷിക വിളകൾ ഇപ്പോഴും കാട്ടുപന്നികൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.കിഴക്കൻ മേഖലയിൽ നിന്ന് കനാൽ വഴിയാണ് പന്നി കൂട്ടങ്ങൾ പോരുവഴി പഞ്ചായത്തിൽ എത്തിയത്.ഇവിടെ വ്യാപകമായ നിലയിൽ കൃഷി നശിപ്പിക്കുകയും ആളുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു നിരവധിയാളുകൾക്കാണ് കാട്ടു പന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്.

പള്ളിമുറിയിൽ പുലർച്ചെ പാൽ വാങ്ങാൻ ബൈക്കിൽ പോയ യുവാവിനെയും മുതുപിലാക്കാട്ട് പുലർച്ചെ സൈക്കിളിൽ പോയ ടാപ്പിങ് തൊഴിലാളിയേയും മുതുപിലാക്കാട്ട് ക്ഷേത്രക്കുളത്തിനു സമീപം ടാപ്പിങ് തൊഴിലാളിയായ ബാബുവിനെയും പുലർച്ചെ പന്നി ആക്രമിച്ചിരുന്നു. ശാസ്താംനട ക്ഷേത്രത്തിന് സമീപം വെച്ച് ഇരുചക്ര വാഹനത്തിൽ വന്ന കുടുംബത്തെ പന്നി ഇടിച്ചു വീഴ്ത്തിയതും അടുത്തിടെയാണ്.

രാത്രികാലങ്ങളിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് മുൻപിലേക്ക് കാട്ടുപന്നികൾ ചാടി വീഴുന്നത് പതിവാണ്.പലരും തലനാരിഴയ്ക്കാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നത്.ഇതിനാൽ കാർഷിക ഗ്രാമമായ പോരുവഴിയിലെ നാട്ടുവഴികളിലൂടെ നാട്ടുകാർക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.