ശാപമോഷം കാത്ത് ഭരണിക്കാവിലെഡോ.അംബദ്കർ സ്മാരക കമ്മ്യൂണിറ്റിഹാൾ

Advertisement

ശാസ്താംകോട്ട : ഭരണഘടനാ ശില്പി ഡോ.ബി.ആർ അംബദ്കറുടെ നാമധേയത്തിൽ ഭരണിക്കാവിൽ നിർമ്മിച്ച കമ്മ്യൂണിറ്റിഹാൾ ശാപമോഷം തേടുന്നു.നിർമ്മാണം പൂർത്തീകരിച്ചിട്ട് 31 വർഷം കഴിഞ്ഞങ്കിലും ശാസതാംകോട്ട ഭരണിക്കാവിലെ കമ്മ്യൂണിറ്റി ഹാൾ
തുറന്ന് പ്രവർത്തിപ്പിക്കാൻ അധികൃതർക്ക് കഴിയാത്തത് അംബദ്കറോടുള്ള അവഹേളനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.1992 ൽ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്എന്നാൽ അധികൃതരുടെ പിടിപ്പ് കേടുമൂലം കെട്ടിടം നശിച്ചു നാമാവശേഷമായി.കുറഞ്ഞ തുകയ്ക്ക് പൊതു പരിപാടികളും വിവാഹങ്ങളും അടക്കമുള്ളവ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കെട്ടിടം പണി കഴിപ്പിച്ചത്.സമയത്തിന് പ്രവർത്തനം ആരംഭിക്കാൻ അധികൃതർ ആർജ്ജവം കാണിക്കാതിരുന്നതാണ് ഇത് നശിക്കാൻ കാരണമായത്.പിന്നീട് ഉടമസ്ഥാവകാശത്തെ ചൊല്ലി ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തും പട്ടികജാതി വികസനവകുപ്പും തമ്മിലുണ്ടായ തർക്കം കോടതിയിലെത്തി.ഇതോടെ കെട്ടിടം തുറക്കുന്ന കാര്യം വീണ്ടും നീണ്ട് പോവുകയായിരുന്നു.കോടതിയിൽ നിന്നും പഞ്ചായത്തിന് അനുകൂലമായി വിധി വന്നെങ്കിലും കെട്ടിടം തുറന്നു
പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ നടപടി ഉണ്ടായില്ല.ഇതോടെ കെട്ടിടം കാട് മൂടപ്പെട്ടു.സാമൂഹ്യവിരുദ്ധരും മദ്യപരും തെരുവ് നായ്ക്കളും കെട്ടിടത്തിലെ സ്ഥിരം അന്തേവാസികളായി.ചിലർ അനാഥമായി കിടക്കുന്ന കെട്ടിടത്തിലെ വാതിലുകളും ജന്നലുകളും അടക്കം കടത്തി.ഇതോടെ കെട്ടിടത്തിൻ്റെ തകർച്ച പൂർണ്ണമായി.ചില ദളിത് സംഘടനകൾ പ്രതീകാത്മക ഉദ്ഘാടനവും നടത്തിയിരുന്നു.അതിനിടെ താലൂക്ക് വികസന സമിതിയിൽ വിഷയം നിരന്തരം ചർച്ചയാകുകയും വിവിധ ദളിത് സംഘടനകൾ പ്രക്ഷോഭവുമായി രംഗത്ത് വരികയും ചെയ്തു.തുടർന്ന് രണ്ട് വർഷം മുമ്പ് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് മുൻകൈ എടുത്ത് കമ്മ്യൂണിറ്റിഹാൾ പ്രവർത്തനസജ്ജമാക്കാമെന്ന് ഉറപ്പ് നൽകി.പരിസരത്തെ കാടും മറ്റും വെട്ടിത്തെളിയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് നടപടികൾ വീണ്ടും പഴയപടിയിലേക്ക് മാറുകയും ചെയ്തു.

Advertisement