പൈപ്പ് ഇടാൻ അനുമതി നൽകാൻ കിഫ്ബിയും പൊതുമരാമത്ത് വകുപ്പുംതയ്യാറാകുന്നില്ല;മൈനാഗപ്പള്ളി കുടിവെള്ള പദ്ധതിക്കായി കാത്തിരിപ്പ് നീളുന്നു

Advertisement

ശാസ്താംകോട്ട : നിർമ്മാണ – അനുബന്ധ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായ മൈനാഗപ്പള്ളി കുടിവെള്ള പദ്ധതിക്ക് ജലവിതരണത്തിനുള്ള പൈപ്പ് ഇടാൻ അനുമതി ലഭിക്കാത്തത് മൂലം പദ്ധതി പ്രതിസന്ധിയിലായി.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ സമ്പുർണ്ണ കുടിവെള്ള വിതരണം നടപ്പിലാക്കാൻ കഴിയുന്ന പദ്ധതിയുടെ എല്ലാവിധ പ്രവർത്തനങ്ങളും ഏറെക്കുറെ പൂർത്തിയായിട്ടും വിതരണ പൈപ്പുക്കൾ സ്ഥാപിക്കാൻ കിഫ്ബിയുടെയും പിഡബ്ലൂഡിയുടെയും അനുമതി ലഭിക്കാത്തതാണ് പദ്ധതി കമ്മീഷൻ ചെയ്യാൻ വൈകുന്നത്.കരുനാഗപ്പള്ളി – ശസ്താംകോട്ട റോഡിൽ ഐസിഎസ് മുകളുംപുറം മുതൽ മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ് വരെയാണ് പ്രധാന കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കേണ്ടത്.ഈ റോഡിൻ്റെ നിയന്ത്രണാവകാശം കിഫ്ബിയ്ക്കും പിഡബ്ലുഡിക്കും ആയതിനാൽ റോഡ് കുഴിച്ച് പൈപ്പ് ഇടാൻ ഇവർ അനുമതി നൽകുന്നില്ല.കുന്നത്തൂർ താലൂക്കിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തുകളിൽ ഒന്നാണ് മൈനാഗപ്പള്ളി.

ഇവിടുത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് 2019-20 വർഷത്തിൽ വാട്ടർ അതോറിട്ടിയുടെ സ്റ്റേറ്റ് പ്ലാൻ ഫണ്ടും കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആസ്ഥി വികസന ഫണ്ടും മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ ഡിപ്പോസിറ്റ് ഫണ്ടും ഉൾപ്പെടെ 6.1 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത്.ഇതിൻ്റെ ഭാഗമായി മൈനാഗപ്പള്ളി പബ്ലിക് മാർക്കറ്റിൽ 15.29 ലക്ഷം ലിറ്റർ കപ്പാസിറ്റിയുടെ കുറ്റൻ ഓവർ ഹെഡ് ടാങ്കും നിർമ്മിച്ചു.മറ്റ് റോഡുകളിലെല്ലാം പൈപ്പുകൾ സ്ഥാപിക്കുകയും വീടുകളിലേക്കുള്ള 95 ശതമാനം കണക്ഷനുകൾ നൽകുകയും ചെയ്തു.ശാസ്താംകോട്ട വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽ നിന്ന് ഐസിഎസ് ലെ നിലവിലുള്ള ഓവർ ഹെഡ് ടാങ്കിലേക്കുള്ള പൈപ്പുകളും സ്ഥാപിച്ചു.ഇനി ഐസിഎസിലെയും പബ്ലിക് മാർക്കറ്റിലെയും ടാങ്കുകളെ തമ്മിൽ ബന്ധിപ്പിച്ച് ജലവിതരണത്തിനുള്ള പ്രധാന പൈപ്പുകൾ മാത്രമാണ് സ്ഥാപിക്കാനുള്ളത്.ഇതിൻ്റെ അനുമതിയാണ് നിഷേധിക്കപ്പെട്ടിട്ടുള്ളത്.ഇവിടെ സ്ഥാപിക്കുന്നതിനുള്ള പൈപ്പുകൾ ചവറ – ശാസ്താംകോട്ട പൈപ്പ് റോഡിൽ 6 മാസം മുമ്പ് തന്നെ ഇറക്കി വച്ചിട്ടുണ്ട്.ഇത് കരാറുകാരന് അധിക ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.പദ്ധതി വൈകുന്നതിനെ സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ ജലവിഭവ വകുപ്പ് മന്ത്രി സ്ഥലം സന്ദർശിച്ച് പ്പൈപ്പ് ഇടുന്നതിനുള്ള അനുമതി വേഗത്തിൽ ലഭ്യമാക്കാമെന്ന് ഉറപ്പ് നൽകിയിരുന്നങ്കിലും ഇനിയും നടപടി ഉണ്ടായിട്ടില്ല.

Advertisement