കൊല്ലം: പാതി ശരീരം തളര്‍ന്ന് ഒറ്റപ്പെട്ടുപോയ യുവാവിന്റെ സംരക്ഷണം ഗാന്ധിഭവന്‍ ഏറ്റെടുത്തു. കൊല്ലം നെടുമ്പന സ്വദേശി സുധി (24)യെയാണ് ഗാന്ധിഭവന്‍ ഏറ്റെടുത്തത്. മൂന്നര വയസ്സില്‍ നടന്ന ശസ്ത്രക്രിയയെ തുടര്‍ന്ന് ശരീരത്തിന്റെ ഒരു വശം പൂര്‍ണ്ണമായും തളര്‍ന്ന യുവാവിനെ സംരക്ഷിക്കാന്‍ ബന്ധുക്കളാരും തന്നെ തയ്യാറല്ല. ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്കൊപ്പം ബുദ്ധിമാന്ദ്യം കൂടിയുള്ള ഇദ്ദേഹത്ത് പരസഹായം കൂടാതെ ചലിക്കുവാന്‍ കൂടി കഴിയില്ല. കിഡ്നി സംബന്ധമായ രോഗം മൂലം മാതാവ് മരണപ്പെട്ടതോടെ സുധിയുടെ സംരക്ഷണം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു.
തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ തുടര്‍ ചികിത്സപോലും ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെയും, സാമൂഹ്യനീതി വകുപ്പ് ഓഫീസറുടെ ശുപാര്‍പ്രകാരം ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്റെ നിര്‍ദ്ദേശാനുസരണം കണ്ണനല്ലൂര്‍ എസ്എച്ച്ഒ ജയകുമാര്‍, നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജാകുമാരി, വാര്‍ഡ് മെമ്പര്‍ ജെ.എസ്. ഗൗരിപ്രിയ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഗാന്ധിഭവന്‍ കോ-ഓര്‍ഡിനേറ്റര്‍ സിദ്ധിഖ് മംഗലശ്ശേരി, ഗാന്ധിഭവന്‍ സ്നേഹാലയം ഡയറക്ടര്‍ പ്രസന്നാ രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സുധിയെ ഏറ്റെടുക്കുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തകരായ സീനമോള്‍, ഹാരിസ്, നഹാസ്, ബരീറത്ത്, റസീന, അജയന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.