കൊട്ടാരക്കര : കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര ഉത്സവത്തിന് നാളെ കൊടിയിറങ്ങും. ഉത്സവത്തിന്റെ പതിനൊന്നാം ദിവസമായ നാളെ രാവിലെ 8.30 മുതല്‍ തിരു ആറാട്ടും, തൃക്കൊടിയിറക്കും. വൈകിട്ട് 3.30 മുതല്‍ ഗജവീരന്‍മാരുടെ അകമ്പടിയോടെ 100-ലധികം കെട്ടു കാഴ്ചകളടങ്ങിയ ഘോഷയാത്ര എന്നിവ നടക്കും. ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന സാംസ്‌ക്കാരിക സമ്മേളനവും പുരസ്‌കാര വിതരണവും മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.
ഉപദേശക സമിതി പ്രസിഡന്റ് സി. രാജന്‍ ബാബു അധ്യക്ഷനായി. കഥകളി യുവ കലാപ്രതിഭ പുരസ്‌ക്കാരം ചെണ്ട കലാമണ്ഡലം ഗണേഷ് എസ് മുരളി കുടവട്ടൂരിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്ത ഗോപനും, പെരുന്തച്ചന്‍ പുരസ്‌ക്കാര ജേതാവ് ദേവ ശില്പി സുനില്‍ തഴക്കര മാവേലിക്കരക്ക് ദേവസ്വം ബോര്‍ഡ് അംഗം ജി. സുന്ദരേശനും എന്‍. വി. നമ്പ്യാതിരി പുരസ്‌ക്കാര ജേതാവ് ഭാഗവതസൂരി അശോക്. വി. കടവൂരിന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശും വിതരണം ചെയ്തു.
ചലച്ചിത്ര താരം മണിയന്‍ പിള്ള രാജു മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്രോപദേശക സമിതി മുന്‍ പ്രസിഡന്റുമാരായ ആര്‍. ദിവാകരന്‍, വിനായക. എസ്. അജിത്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗം ചെങ്ങറ സുരേന്ദ്രന്‍, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ എം. ഗോപകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.മനു തുടങ്ങിയവര്‍ സംസാരിച്ചു.