വരള്‍ച്ച രൂക്ഷം: തെന്മല ഡാമില്‍ ജലനിരപ്പ് കുറയുന്നു

Advertisement

പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ വേനല്‍ ചൂട് കടുക്കുമ്പോള്‍ തെന്മല പരപ്പാര്‍ ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്ന കാഴ്ചയാണ് ഉള്ളത്. ഒരാഴ്ച മുന്നെ ഡാം വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതോടെ കുറച്ച് ജലമൊഴുകി എത്തി എങ്കിലും അടുത്ത ദിവസങ്ങളിലൊന്നും മഴ കിട്ടാതായതോടെ ജല നിരപ്പ് താഴ്ന്ന് മണ്‍തിട്ടകള്‍ തെളിഞ്ഞു വന്നു കഴിഞ്ഞു. അടുത്ത കാലത്തെ ഏറ്റവും വലിയ വേനല്‍ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. വേനല്‍ ചൂടില്‍ കിഴക്കന്‍ മേഖലയില്‍ പനി, ചെങ്കണ്ണ്, വയറിളക്കം പോലുള്ള രോഗങ്ങളും വ്യാപകമായിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കിട്ടാതെ വന്നാല്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാകും. വേനല്‍ ചൂടില്‍ കൃഷിയിടങ്ങളില്‍ ജലമെത്തിക്കാന്‍ കഴിയാതെ കര്‍ഷകര്‍ ഇറക്കിയ ഏക്കറുകണക്കിന് കൃഷിയും കരിഞ്ഞുണങ്ങി. കനാല്‍ ജലമെത്തുന്ന സ്ഥലങ്ങളില്‍ മാത്രമാണ് അല്‍പമെങ്കിലും ആശ്വാസമാകുന്നത്.