യുവതലമുറ സാങ്കേതികവിദ്യയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തണം : മന്ത്രി കെ എൻ ബാലഗോപാൽ

Advertisement

യൂത്ത് ഐക്കൺ പുരസ്കാരങ്ങൾ വിതരണം ചെയ്തു

കൊല്ലം. യുവതലമുറ നവസാങ്കേതികവിദ്യയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തണമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ പുരസ്കാരങ്ങൾ കൊട്ടിയം എസ് എൻ പോളിടെക്നിക്ക് കോളേജിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമിത ബുദ്ധിയുടെ വളർച്ചയെ നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കണം. മാനവിക മുഖമുള്ള ശാസ്ത്രീയ വളർച്ചയാണ് നാടിനാവശ്യം. ശാസ്ത്രസാങ്കേതിക വിദ്യയുടെ പ്രവർത്തനങ്ങൾ നാടിന്റെ നല്ല ഭാവിക്കായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

കലാ സാംസ്കാരികം, കായികം, സാഹിത്യം, കാർഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ മാതൃകാപരവുമായ സേവനം കാഴ്ചവെച്ച യുവജനങ്ങളെയാണ് കമ്മീഷൻ നിയോഗിച്ച പ്രത്യേക ജൂറി അവാർഡിനായി തിരഞ്ഞെടുത്തത്. 25,000 രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ചലച്ചിത്രനടന്‍ ആസിഫ് അലി, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, യുവ എഴുത്തുകാരി എം കെ ഷബിത, യുവകർഷകൻ എസ് പി സുജിത്ത്, സഞ്ചി ബാഗ്സ് സി ഇ ഒ ആതിര ഫിറോസ്, ഗാന്ധിഭവൻ സാരഥി അമൽ രാജ് എന്നിവരാണ് പുരസ്കാര ജേതാക്കൾ.