ശാസ്താംകോട്ട:കുന്നത്തൂർ പനന്തോപ്പിൽ മൂന്നംഗ സംഘം ഉത്സവ ഡ്യൂട്ടിക്കെത്തിയ പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത കുന്നത്തൂർ സ്വദേശികളായ രാജേഷ് കുമാർ, അനീഷ് കുമാർ,ശ്യാംരാജ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.അടൂർ കെഎപി ബറ്റാലിയനിലെ പോലീസുകാരൻ മൻഷാദിന്റെ പരാതിയിലാണ് ശാസ്താംകോട്ട പോലീസ് കേസെടുത്തത്.
കുന്നത്തൂർ മാനാമ്പുഴ തൃക്കണ്ണാപുരം മഹാദേവർ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി കെട്ടുരുപ്പടികൾ പനന്തോപ്പിൽ നിന്നും പോകവേ തിങ്കൾ വൈകിട്ട് 6 നായിരുന്നു സംഭവം.പോലീസ് നോക്കി നിൽക്കെ മദ്യപിച്ചെത്തിയ യുവാക്കൾ പരസ്പരം അടിപിടിയുണ്ടായി.ഈ സമയം യുവാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച
പോലീസിനെ സംഘം വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവത്രേ.അടൂർ കെ.എ.പി ബറ്റാലിയനിലെ മൻഷാദ്,ബൈജു എന്നിവർക്ക് പരിക്കേറ്റു.മൻഷാദിന്റെ കൈയ്ക്കാണ് സാരമായി പരിക്കേറ്റത്.പരിക്കേറ്റവർ
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.ശാസ്താംകോട്ട സ്റ്റേഷനിലെ ശോഭിൻ എന്ന പോലീസുകാരന്റെ കണ്ണട അടിച്ച് തകർത്തു.മറ്റ് പോലീസുകാരെ നിലത്ത് ചവിട്ടി വീഴ്ത്തുകയും യൂണിഫോം വലിച്ചു കീറുകയും നെയിം ബാഡ്ജ് നശിപ്പിക്കുകയും ചെയ്തു.അടൂർ കെ.എ.പി ബറ്റാലിയനിലെ പോലീസുകാർക്കാണ് കൂടുതലായും മർദ്ദനമേറ്റത്.തുടർന്ന് ശാസ്താംകോട്ട എസ്.ഐ ഷാനവാസിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.
പ്രതികളെ വൈദ്യ പരിശോധനയ്ക്കും പിന്നീട് സ്റ്റേഷനിലും എത്തിച്ചപ്പോഴും അക്രമാസക്തരായാണ്
പെരുമാറിയതെന്ന് പോലീസ് പറഞ്ഞു.മണ്ണ് കടത്തൽ സംഘത്തിൽപ്പെട്ടവരായ പ്രതികൾ അനധീകൃത മണ്ണെടുപ്പിനെതിരെ പോലീസ് സ്വീകരിക്കുന്ന ശക്തമായ നടപടിയിലുള്ള വിരോധം നിമിത്തം ആസൂത്രിതമായി അടിപിടി ഉണ്ടാക്കി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.