ശാസ്താംകോട്ട കനാല്‍ സൈഫണില്‍ മാലിന്യമടഞ്ഞ് വീണ്ടും പ്രശ്‌നം, കവിഞ്ഞൊഴുകുന്ന ജലം വീടുകള്‍ക്ക് ഭീഷണി വിഡിയോ

Advertisement

ശാസ്താംകോട്ട. കനാല്‍ സൈഫണില്‍ മാലിന്യമടഞ്ഞ് വീണ്ടും പ്രശ്‌നം കവിഞ്ഞൊഴുകുന്ന ജലം വീടുകള്‍ക്ക് ഭീഷണിയായി. പള്ളിശേരിക്കല്‍ 16-ാം വാര്‍ഡ് മാമ്പള്ളിതെക്കതില്‍ ബഷീര്‍കുട്ടിയുടെ വീടും കിണറും ഇടിഞ്ഞു വീഴുമെന്ന ഭീഷണിയിലായി. പ്രദേശത്ത് തൊഴുത്തുകളും കിണറുകളും കക്കൂസ് ടാങ്കുകളും വെള്ളം കയറിയ നിലയാണ്.
നേരത്തേ മനക്കര സൈഫണില്‍ മാലിന്യം കയറി അടഞ്ഞത് ഒരു മാസം അറ്റകുറ്റപ്പണിനടത്തിയാണ് ഉപയോഗിക്കാനായത്. വലിയ കനാലുകളില്‍ നിന്നും മാലിന്യം കടന്ന് സൈഫണ്‍ നിറയുന്നതാണ് പ്രശ്‌നം. സൈഫണിലേക്ക് മാലിന്യം കടക്കാതെ ഗ്രില്‍ സ്ഥാപിച്ച് തടയണമെന്ന ആശയം താലൂക്ക് വികസന സമിതിയില്‍ അടക്കം ഉയര്‍ന്നിട്ടും അധികൃതര്‍ക്ക് മനസിലായിട്ടില്ല.

നേരത്തേ തൊഴിലുറപ്പുകാര്‍ കനാലുകള്‍ തുറക്കുംമുമ്പ് ശുചീകരിക്കുമായിരുന്നു. ഇത്തവണ അതിന് അനുവദിക്കാതിരുന്നതാണ് പ്രശ്‌നമായത്. മേഖലയില്‍ തൊഴിലുറപ്പുകാര്‍ ചെയ്തിരുന്ന ഏറ്റവും ഉപകാരപ്രദമായ ജോലിയായിരുന്നു കനാല്‍ ശുചീകരണം.
കെഐപി അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബ്‌ളോക്ക് അംഗം തുണ്ടില്‍ നൗഷാദ് ആവശ്യപ്പെട്ടു. ശാശ്വതമായ നടപടിയാണ് വേണ്ടതെന്നും അധികൃതര്‍ യുക്തിബോധമില്ലാതെ പെരുമാറരുതെന്നും നൗഷാദ് പറഞ്ഞു.