ബാറില്‍ മേശപ്പുറത്ത് കാല്‍ കയറ്റിവച്ച് ഇരുന്നതിന് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

Advertisement

ഓച്ചിറ. ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പോലീസ് പിടിയില്‍. ഓച്ചിറ പായിക്കുഴി നന്ദുഭവനത്തില്‍ നന്ദു(23), കൃഷ്ണപുരം കാപ്പില്‍മേക്ക് ഷിഹാസ് മന്‍സിലില്‍ വാടകയ്ക്കു താമസിക്കുന്ന ക്ലാപ്പന പ്രയാര്‍തെക്ക് കുന്നുതറയില്‍ വീട്ടില്‍ കാക്ക ഷാന്‍ എന്നു വിളിക്കുന്ന ഷാന്‍(24), ഓച്ചിറ വലിയകുളങ്ങര മീനാക്ഷിഭവനം വീട്ടില്‍ അജയ് (21) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം 22 തീയതി രാത്രിയില്‍ ഓച്ചിറയിലുള്ള ബാറില്‍ പ്രതികള്‍ക്ക് മുന്നില്‍ മേശപ്പുറത്ത് കാല്‍ കയറ്റിവച്ച് ഇരുന്നു എന്ന് പറഞ്ഞാണ് ഇവര്‍ പ്രയാര്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ചത്. മര്‍ദ്ദിച്ച് നിലത്തിടുകയും ബിയര്‍ കുപ്പി കൊണ്ട് തലക്കടിക്കുകയും പെട്ടിയ കുപ്പി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് കായംകുളം താലുക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഓച്ചിറ പോലീസ് യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഓളിവിലായിരുന്ന ഒന്നും രണ്ടും പ്രതികളെ ബംഗ്ലൂരില്‍ നിന്നും മൂന്നാം പ്രതിയെ പത്തനംതിട്ട ജില്ലയിലെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടുകയായിരുന്നു. പ്രതികള്‍ മൂന്നുപേരും ഓച്ചിറ, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധികളിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കരുനാഗപ്പള്ളി എസിപി വി.എസ്. പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഓച്ചിറ ഇന്‍സ്‌പെക്ടര്‍ നിസാമുദീന്റെ നേതൃത്വത്തില്‍ എസ്.ഐ നിയാസ്, സിപിഒ മാരായ കനീഷ്, വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികുടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു