സാമ്പത്തിക തര്‍ക്കം; വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

Advertisement

കരുനാഗപ്പള്ളി . സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയില്‍. കല്ലേലിഭാഗം, മുഴങ്ങോടിയില്‍, കാട്ടൂര്‍ തെക്കതില്‍, സജിലാല്‍(33) ആണ് പോലീസിന്‍റെ പിടിയിലായത്. കരുനാഗപ്പള്ളി താലൂക്കില്‍, അയണിവേലിക്കുളങ്ങര വില്ലേജില്‍ ആദിത്യ ഭവനില്‍ നിന്നും മീന്‍മുക്കിന് സമീപം വാടകയ്ക്ക് താമസ്സിക്കുന്ന വിനീഷ്, ഇയാളുടെ ബന്ധുവായ സജിലാലില്‍ നിന്നും ആറ് മാസം മുമ്പ് 10000/- രൂപ കടമായി വാങ്ങിയിരുന്നു. ഈ പണം തരികെ നല്‍കാത്തതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. പണം തിരികെ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെ വിനീഷും മറ്റും വാടകക്ക് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് വിനീഷിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാന്‍ ശ്രമിച്ച വിനീഷിന്‍റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവായ ഉണ്ണികൃഷ്ണരാജിനേയും പ്രതി മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു. കുത്ത് കൊണ്ട് ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന് അത്യാസന്ന നിലയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഉണ്ണികൃഷ്ണരാജിന്‍റെ ഭാര്യയുടെ പരാതിയില്‍ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തിയ കരുനാഗപ്പള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുജാതന്‍പിള്ള, ഷെമീര്‍, എ.എസ്.ഐ വേണുഗോപാല്‍, എസ്.സി.പി.ഒ രാജീവ്, സി.പി.ഒ മാരായ ഹാഷിം, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement