നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുറ്റവാളിയെ കാപ്പ പ്രകാരം തടവിലാക്കി
കൊല്ലം. സിറ്റിയിലെ ഇരവിപുരം, കൊട്ടിയം പോലീസ് സ്റ്റേഷന്‍ പരിധികളിലായി 2017 മുതല്‍ നിരവധി കേസുകളില്‍ പ്രതിയായ ഇരവിപുരം വാളത്തുംഗല്‍ പുത്തന്‍ചന്ത റെയില്‍വേ ഗേറ്റിന് സമീപം തേജസ് നഗര്‍ 153-ല്‍ അല്‍ത്താഫ്(24) നെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്ത് ആറുമാസത്തേക്ക് കരുതല്‍ തടങ്കലിലാക്കിയത്.
2017 മുതല്‍ 2022 വരെ റിപ്പോര്‍ട്ട് ചെയ്ത അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. നരഹത്യശ്രമം, വ്യക്തികളെ ആക്രമിച്ച് കവര്‍ച്ച നടത്തുക, മോഷണം, ഭീഷണിപ്പെടുത്തല്‍, തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുക്കുന്ന കുറ്റങ്ങള്‍. ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇരുചക്രവാഹനം വിലകുറച്ച് വില്‍പ്പനയ്ക്കുണ്ടെന്ന പരസ്യം നല്‍കിയശേഷം കച്ചവടത്തിനായി സമീപിക്കുന്നവരോട് പണവുമായി എത്താന്‍ പറയുകയും, പണവുമായി എത്തുമ്പോള്‍ അക്രമിച്ച് പണം കവരുന്നതുമാണ് ഇയാളുടെ രീതി. ഇത് കൂടാതെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയതിനും പിടിച്ചുപറി നടത്തിയതിനും ആക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് മറ്റു കേസുകള്‍. കൊടുംകുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ അഫ്സാന പര്‍വീണ്‍ ഐ.എ.എസ്സ് ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിന് ഉത്തരവായത്. ഇയാളെ കരുതല്‍ തടങ്കലിനായി ആറ് മാസത്തേക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.