കൊല്ലം ലോക്സഭാ സീറ്റ്,സിപിഎമ്മിന്‍റെ ആവനാഴിയിലെന്ത്

Advertisement

പ്രത്യേക ലേഖകന്‍

കൊല്ലത്ത് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രനെ തളയ്ക്കാൻ പതിനെട്ടടവും പയറ്റാനൊരുങ്ങുകയാണ് സിപിഎം. ഒന്നരലക്ഷത്തിൻെറ മഹാഭൂരിപക്ഷത്തിെൻെറ പിൻബലവും മികച്ച പാർലമെൻേററിയൻ എന്ന അംഗീകാരവും കൈമുതലാക്കി പ്രേമചന്ദ്രൻ ഒരിക്കൽ കൂടി കളത്തിലിറങ്ങുമ്പോൾ അട്ടിമറിക്കാൻ ശേഷിയുള്ള പ്രബലനായ എതിരാളിയെ ഇറക്കാനാണ് സിപിഎം തീരുമാനം.

കൊട്ടാരക്കര മുൻ എംഎൽ.ഐഷാ പോറ്റി,പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. പി.കെ.ഗോപൻ,ചവറ എംഎൽ.എ ഡോ.സുജിത് വിജയൻപിള്ള തുടങ്ങി അരഡസനോളം പേരുകളാണ് സിപിഎം ഉപശാലകളിൽ പരിഗണിക്കുന്നത്.

കഴിഞ്ഞ തവണ ഇടതുപക്ഷം രംഗത്തിറക്കിയത് ജില്ലാ സെക്രട്ടറി ആയിരുന്ന കെ.എൻ.ബാലഗോപാലിനെ ആയിരുന്നു.കേരളത്തിലെ ഏറ്റവും പ്രവചനതീതമായ മത്സരമെന്ന തോന്നിപ്പിച്ച തെരഞ്ഞെടുപ്പിൽ പക്ഷേ ഒന്നരലക്ഷത്തിലാണ് പ്രേമചന്ദ്രൻെറ ഭൂരിപക്ഷം എത്തിനിന്നത്.37000 വോട്ടിന് 2014ൽ എംഎ ബേബിയെ തോൽപിച്ചിടത്താണ് പ്രേമചന്ദ്രൻ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച മിന്നുന്ന വിജയം 2019ൽ സ്വന്തമാക്കിയത്.രാഷ്ട്രീയത്തിനപ്പുറമുള്ള പ്രേമചന്ദ്രൻെറ പ്രതിച്ഛായയെ മറികടക്കാൻ ആര് എന്നതാണ് ഇടതുകേന്ദ്രങ്ങളെ അലട്ടുന്നത്.

ചവറ,കൊല്ലം,ഇരവിപുരം,ചാത്തന്നൂർ,കുണ്ടറ,പുനലൂർ, ചടയമംഗലം എന്നിവയാണ് കൊല്ലത്തെ അസംബ്ളി മണ്ഡലങ്ങൾ.കുണ്ടറ ഒഴികെയെല്ലാം കനത്ത ഭൂരിപക്ഷത്തിൽ ഇടതുപക്ഷത്തിൻെറ കയ്യിലാണ്.എന്നിട്ടും ലോക്സഭയിൽ ഇടതുവോട്ടുകൾ ചോർന്നു പോകുന്നതാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കണ്ടത്.
ചവറ കൊണ്ട് മാത്രം പ്രേമചന്ദ്രൻ നേടിയ മുപ്പതിനായിരത്തിനടുത്തുള്ള ഭൂരിപക്ഷം ഇല്ലാതാക്കാൻ ഡോ.സുജിത്ത് ഇറങ്ങിയാൽ സാധിക്കും എന്നാണ് വിലയിരുത്തൽ.

പ്രേമചന്ദ്രന് അനുകൂലമാകുന്ന നായർ വോട്ടുകളിൽ വിളളലുണ്ടാക്കാനും സുജിത്തിന് കഴിയും.സുജിത്തിനെ വിജയിപ്പിച്ചാൽ ചവറയിലെ ഉപതെരഞ്ഞെടുപ്പ് ആർ.എസ്‌.പിക്കും ഷിബുവിനും നിർണായകമാകും. ഇടതുപക്ഷം ചേരാനുള്ള വഴി കൂടിയാണ് അത് ഷിബുവിന് മുന്നിൽ തുറക്കുന്നത്. പ്രേമചന്ദ്രനെ യും ആര്‍എസ്പിയെയും ഒരു വെടിക്ക് തീര്‍ക്കുക എന്ന കളി ഇഷ്ടപ്പെടുന്നവരുണ്ട് മോളില്‍.

മികച്ച പ്രതിച്ഛായയുള്ള അഡ്വ. ഐഷാപോറ്റിക്ക് കൊല്ലം മണ്ഡലത്തിലെ കിഴക്കൻ മേഖലയിൽ നല്ല മുന്നേറ്റമുണ്ടാക്കാൻ സാധിക്കും എന്നാണ് വിലയിരുത്തൽ. വനിത എന്ന നിലയിൽ മുൻ മേയർ അഡ്വ. സബിതാ ബീഗത്തിൻെറ പേരും ചർച്ചയിലുണ്ട്.

ഡോ.പി.കെ.ഗോപനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആക്കിയത് തന്നെ ഭാവി ലോക്സഭ മുന്നിൽ കണ്ടാണെന്നതാണ് ഏറ്റവും പുതിയ രഹസ്യം. മികച്ച വാഗ്മിയും എഴുത്തുകാരനുമായ ഗോപൻ ലൈബ്രറി കൗണ്‍സില്‍ സാരഥി എന്ന നിലയില്‍ ജില്ലയുടെ മുക്കിലും മൂലയിലുമെത്തി ബന്ധം സ്ഥാപിച്ചയാളാണ്. ഗോപനെ വിജയിപ്പിച്ചാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടാമെന്നതിനാല്‍ ചിലകേന്ദ്രങ്ങളിലെ പ്രതീക്ഷിക്കപ്പെടാവുന്ന പാലംവലി ഒഴിവാക്കാനാവുമെന്ന മെച്ചവും പാര്‍ട്ടിക്കുണ്ട്. ലോക്സഭാമണ്ഡലത്തിനു പുറത്തുള്ള കുന്നത്തൂർ മണ്ഡലക്കാരനാണ് എന്നത് മാത്രമൊരു പരിമിതിയാണ്. മുഖവുര ആവശ്യമില്ല എന്നതാണ് നൗഷാദ്,മുകേഷ് തുടങ്ങിയ എം.എൽ.എമാരുടെ പേരുകൾ പരിഗണനയിൽ എത്തിക്കുന്നത്.

മണ്ഡലം നിറഞ്ഞു നിൽക്കുന്ന പ്രേമചന്ദ്രനെതിരെ പുറത്ത് നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാൻ ഏതായാലും സിപിഎം ഒരുങ്ങില്ല.ബിജെപി സ്ഥാനാർത്ഥി ആരെന്നതും മത്സരത്തിൻെറ ഗതി നിർണയിക്കും.കഴിഞ്ഞ തവണ കെ.വി.സാബു എന്ന പരിചിതിനല്ലാത്ത സ്ഥാനാർത്ഥി പിടിച്ചത് 1,03,000 വോട്ടാണ്.മൂന്നരലക്ഷം വോട്ടുകൾ ബാലഗോപാൽ നേടിയപ്പോൾ പ്രേമചന്ദ്രൻ നേടിയത് അഞ്ചുലക്ഷം വോട്ടുകളാണ്.ഇടതിന് അഞ്ചു ശതമാനം വോട്ടുകുറഞ്ഞു. ബിജെപി വോട്ട് ഇരട്ടിയാക്കി നാലരശതമാനത്തിൻെറ വർദ്ധനവ് നേടി.എന്നിട്ടും പ്രേമചന്ദ്രൻ തൻെറ വോട്ടുവിഹിതത്തിൽ അഞ്ചുശതമാനത്തിൻെറ വർദ്ധനവ് നേടിയത് നിർണായക സൂചികയാണ്. സംസ്ഥാനല നേതാക്കൾ കൊല്ലത്ത് ബിജെപിക്കായി മത്സരിക്കാൻ സാധ്യത കുറവാണ്.നിയമസഭയിലേക്ക് ചാത്തന്നൂരിൽ രണ്ടാമതെത്തിയ ബി.ബി.ഗോപകുമാർ കൊല്ലത്ത് പരിഗണിക്കാവുന്ന മികച്ച സ്ഥാനാര്‍ത്ഥിഎന്നു കേള്‍ക്കുന്നു.

രണ്ടരലക്ഷത്തിൽ പുറത്ത് വോട്ടു സമാഹരിക്കാൻ ശേഷിയുള്ള സ്ഥാനാര്‍ത്ഥി ബിജെപിക്കായി വന്നാൽ കൊല്ലം പ്രവചനാതീതമാകും. പ്രേമചന്ദ്രൻെറ നിഷ്പക്ഷ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാതെ വിജയം അസാധ്യമാണെന്ന ബോധ്യമുള്ളതിനാൽ ഏതുപരീക്ഷണത്തിനും ഇടതുക്യാമ്പ് തയ്യാറാകും. സംസ്ഥാന തലത്തിൽ സിപിഐ യുമായി സീറ്റുകൾ വെച്ചുമാറാനുള്ള തീരുമാനമുണ്ടായാൽ കൊല്ലം അതിലുൾപ്പെടാനും സാധ്യതയുണ്ട്.അങ്ങനെ വന്നാൽ മുല്ലക്കര രത്നാകരനെ രംഗത്തിറക്കി കടുത്ത പോരാട്ടത്തിന് കളമൊരുക്കാൻ ഇടതുപക്ഷത്തിന് കഴിയും.പ്രചാരണം തുടങ്ങിക്കഴിഞ്ഞ പ്രേമചന്ദ്രനെ വീഴ്ത്താനുള്ള ദൗത്യം ആരെയാണ് ഇടതുമുന്നണി ഏൽപ്പിക്കുക എന്നതാണ് കൊല്ലത്തെ രാഷ്ട്രീയ വൃത്തങ്ങളിലെ പ്രധാന ചർച്ചാവിഷയം.