ശാസ്താംകോട്ട:ഭരണ നിർവഹണത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് “കരുതലും കൈത്താങ്ങും” കുന്നത്തൂർ താലൂക്ക്തല അദാലത്ത് കെ.എസ്.എം ഡി ബി കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കും.ഓരോ വ്യക്തിയുടെയും സർക്കാർ തലത്തിൽ പരിഹരിക്കേണ്ട വിഷയങ്ങൾ കാലതാമസമില്ലാതെ സുതാര്യമായി തീർപ്പാക്കലാണ് താലൂക്ക് തല അദാലത്തുകളുടെ പ്രധാന ലക്ഷ്യമെന്നും ചിഞ്ചുറാണി പറഞ്ഞു.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്തമായ ഇടപെടലുകൾ നാടിന്റെ വികസനത്തിന് അനിവാര്യമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.ഓരോ പൗരനെയും നേരിട്ട് ബാധിക്കുന്ന അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് സർക്കാർ പ്രാധാന്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ഡോ.പി.കെ ഗോപൻ,ജില്ലാ കളക്ടർ അഫ്‌സാന പർവീൺ,ഡെപ്യൂട്ടി കളക്ടർ ജി.നിർമ്മൽ കുമാർ, എഡിഎം ആർ .ബീനാറാണി, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി, തദ്ദേശ സ്ഥാപന പ്രതിനിധികൾ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അദാലത്തിൽ നേരത്തെ ലഭിച്ച 336 പരാതികളിൽ 321 എണ്ണം തീർപ്പാക്കി.
15 പരാതികളിൽ നടപടി തുടരുന്നു.195
പരാതികളിൽ അനുകൂലമായി തീരുമാനമെടുത്തു.ലൈഫ് മീഷനുമായി ബന്ധപ്പെട്ട് 15 അപേക്ഷകൾ കൂടി ലഭിച്ചിട്ടുണ്ട്.
അദാലത്ത് ദിവസം നേരിട്ട് 447 പരാതികളാണ് ലഭിച്ചത്.ഇവയിൽ 10 ദിവസത്തിനകം തീരുമാനമെടുക്കും.ബിപിഎൽ വിഭാഗത്തിൽ അനുവദിച്ച റേഷൻ കാർഡുകൾ,വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവയും അദാലത്തിൽ വിതരണം ചെയ്തു. ഓരോ വകുപ്പിനും പ്രത്യേക കൗണ്ടറുകൾ,പരാതി തയാറാക്കാൻ ഉള്ള സഹായം, ഗ്നിശമനസേന, പൊലീസ്, എൻ സി സി എന്നിവയുടെ നേതൃത്വത്തിൽ സുരക്ഷക്രമീകരണം, ലഘുഭക്ഷണം എന്നിവയും അദാലത്തിൽ തയാറാക്കിയിരുന്നു.