കുറ്റിയിൽ മുക്ക് – കോട്ടയ്ക്കകത്ത് മുക്ക് റോഡ് നിർമ്മാണം തടഞ്ഞ് നാട്ടുകാർ

Advertisement

മൈനാഗപ്പള്ളി: മൈനാഗപ്പള്ളി കുറ്റിയിൽ മുക്ക് – കോട്ടയ്ക്കകത്ത് മുക്ക് റോഡ് നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നതിലും ആവശ്യമായ അളവിൽ സാധനങ്ങൾ ഉപയോഗിച്ച് റോഡ് നിർമ്മാണം നടത്താത്തതിൽ പ്രതിഷേധിച്ചും നാട്ടുകാർ റോഡ് നിർമ്മാണം തടഞ്ഞു.കഴിഞ്ഞ പത്ത് വർഷത്തിലധികമായി കാൽനട പോലും അസാധ്യമാകുന്ന തരത്തിൽ തകർന്ന് കിടന്ന റോഡ് നിരന്തരമായ പ്രതിഷേധത്തെ തുടർന്നാണ് നന്നാക്കാൻ തീരുമാനിച്ചത്.

മേഖലയിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ.പി.കെ ഗോപനും അനിൽ.എസ്.കല്ലേലിഭാഗവും 20 ലക്ഷം രൂപ റോഡ് നിർമ്മാണത്തിന് അനുവദിച്ചു.എന്നാൽ തുക അപര്യാപ്തമായതിനാൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ കൂടി അനുവദിച്ചു.ഇതിൻ്റെ അടിസ്ഥാനത്തിൽ കുറ്റിയിൽ മുക്ക് ഭാഗത്ത് 2 ആഴ്ച മുമ്പ് നിലവിലെ ടാറിംഗ് ഇളക്കിയെങ്കിലും പിന്നീട് പണി ചെയ്യാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇതിനെ തുടർന്ന് ഇവിടെ റോഡ് ഉറപ്പിച്ച് മെറ്റലിംഗ് ആരംഭിച്ചങ്കിലും പണി ഇഴഞ്ഞ് നീങ്ങുകയായിരുന്നു.കൂടാതെ വേണ്ടത്ര മെറ്റലിംഗും നടത്തിയില്ല
എന്നാരോപിച്ച് ഗ്രാമപഞ്ചായത്ത് അംഗം ഷിജിനാ നൗഫലിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികൾ കഴിഞ്ഞ ദിവസം റോഡ് നിർമ്മാണം തടയുകയായിരുന്നു.തുടർന്ന് ശാസതാംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അൻസർ ഷാഫി, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് ,ശാസതാംകോട്ട സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ കരാറുകാരനുമായി ചർച്ച നടത്തി അടുത്ത തിങ്കളാഴ്ചയ്ക്കുള്ളിൽ പണി പൂർത്തീകരിക്കാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.