ചവറ: മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. കൊല്ലം, പുള്ളിക്കട കോളനി, വിനീതാ ഭവനത്തില്‍ വിനീത് (32) ആണ് ചവറ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വര്‍ഷം ചവറ കൊട്ടുകാടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് രണ്ടുപേര്‍ 80000 രൂപ കൈപ്പറ്റിയിരുന്നു. സംശയം തോന്നിയ സ്ഥാപനയുടമ നടത്തിയ സൂഷ്മപരിശോധനയിലാണ് പണയ ഉരുപ്പടികള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ചവറ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ കിളികൊല്ലൂര്‍ കല്ലുംതാഴം എള്ളുവിള വീട്ടില്‍ സുഗന്ധി എന്ന യുവതിയെ പോലീസ് കഴിഞ്ഞ മാസം പിടികൂടിയിരുന്നു.
യുവതിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഇവരുടെ സുഹൃത്തായ വിനീതിനെ തിരിച്ചറിയുകയും ഒളിച്ചു കഴിയുകയായിരുന്ന ഇയാളെ ചവറ പോലീസ് പിടികൂടുകയുമായിരുന്നു. സമാന രീതിയില്‍ മറ്റു സ്ഥലങ്ങളിലും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരുകയാണ്. കരുനാഗപ്പള്ളി എസിപി വി.എസ്.പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം ചവറ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.