കേരളത്തിന്റെ സൈനികർക്കൊപ്പം മന്ത്രി: അലയടിച്ചുയർന്ന് അതിജീവനകഥകൾ

Advertisement

കൊല്ലം.പ്രളയത്തിൽ മുങ്ങിപ്പോയ നാടിനെ, കോരിയെടുത്തവർക്ക് ആദരവുമായി മന്ത്രി കെ എൻ ബാലഗോപാൽ എത്തിയപ്പോൾ അഭിമാനത്തിന്റെ, ഒത്തൊരുമയുടെ തോണികളിൽ ഉയിർത്തെഴുന്നേറ്റ കേരളത്തിന്റെ അതിജീവന കഥകൾ ഓരോന്നായി തീരത്തേക്ക് അലയടിച്ചെത്തി.

മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ ജില്ലയിലെ പ്രചാരണത്തിന് തുടക്കം കുറിച്ച് ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ കൊല്ലം പോർട്ടിൽ എത്തിയത്. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനായി ആദ്യമായി വള്ളം ഇറക്കിയ ബിജു സെബാസ്റ്റിന് സ്നേഹപതാക കൈമാറിയാണ് മത്സ്യത്തൊഴിലാളികളെ ആദരിച്ചത്. ആഴക്കടൽ മത്സ്യബന്ധന യാനത്തിലാണ് മന്ത്രി എത്തിയത്.

പ്രളയകാലത്തെ അനുഭവങ്ങൾ മന്ത്രിയുമായി പങ്ക് വെച്ചു.
കേരളമാകെ പ്രളയത്തിൽ മുങ്ങിയപ്പോൾ സർക്കാർ ആഹ്വാനത്തെ തുടർന്ന് ബിജു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ മത്സ്യ തൊഴിലാളികളുടെ സംഘം ദുരന്ത മുഖത്തേക്ക് സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെ, ആകെയുള്ള ഉപജീവന മാർഗമായ വള്ളങ്ങളും ബോട്ടുകളുമെടുത്തു പുറപ്പെടുമ്പോൾ, നാട്, മനുഷ്യർ എന്ന വികാരമേ ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ എന്നവർ, ആ കാലത്തെ ഓർത്തെടുത്തു. പകരം ഈ നാട് നിറയെ സ്നേഹം തിരിച്ചു നൽകി. ഓരോ മലയാളിയും കേരളത്തിന്റെ അനൗദ്യോഗിക സൈനികരായി അംഗീകരിച്ചു.
അതിജീവനത്തിനായുള്ള പോരാട്ടത്തിൽ സംസ്ഥാന സർക്കാരിനൊപ്പം തോളോട് തോൾ ചേർന്ന് കേരള ജനതയെ സംരക്ഷിച്ചു പിടിച്ച നന്ദി ഇന്നും മലയാളികളുടെ ഹൃദയത്തിലുണ്ട്. തീരദേശത്തിന് വേണ്ടിയുള്ള ഒരു പദ്ധതിക്കും മുടക്കം വരില്ലെന്നും കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

കടലിൽ സന്ധ്യ പെയ്തിറങ്ങുമ്പോൾ, ഏത് പ്രതിസന്ധിയിലും നാടിനൊപ്പം കാണുമെന്ന ഉറപ്പിന്റെ വെളിച്ചത്തിന് സാഗരം സാക്ഷി.

പരിപാടിയിൽ കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എ കെ സവാദ്, കൗൺസിലർമാരായ മിനിമോൾ ജി ആർ, സ്റ്റാലിൻ, മത്സ്യത്തൊഴിലാളി സംഘടന ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, മത്സ്യതൊഴിലാളികൾ തുടങ്ങിയവർ പങ്കാളികളായി.

Advertisement