കൊട്ടിയം: ഞായറാഴ്ച പുലർച്ചേയുണ്ടായ തീപിടുത്തത്തിൽ പ്ലാസ്റ്റിക് കമ്പനി പൂർണ്ണമായും കത്തി നശിച്ചു. നാലു സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങൾ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്.
ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ജയ സിംഗിന്റെ ഉടമസ്ഥതയിലുള്ള ഗായത്രി പ്ലാസ്റ്റിക് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്.പ്ലാസ്റ്റിക് കമ്പനിയ്ക്ക് തീപിടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പുലർേച്ചേ മൂന്നു മണിയോടെയാണ് ഇവിടെ നിന്നും തീയും, വലിയ പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടപ്പാക്കട, ചാമക്കട, കുണ്ടറ, പരവൂർ എന്നിവിടങ്ങളിൽ നിന്നായി പത്തു യൂണിറ്റിലധികം ഫയർഫോഴ്സ് സംഘമെത്തിയാണ് തീ കെടുത്തിയത്.പ്ലാസ്റ്റിക് കമ്പനിയിലുണ്ടായിരുന്ന വൈദ്യുതി ട്രാൻസ്ഫോമർ, ഗ്രൈൻഡർ, കംപ്രസ്സർ, ഷെഡ്ഡുകൾ, പ്ലാസ്റ്റിക്കുകൾ എന്നിവ കത്തിനശിച്ചു. തീ പിടിച്ച കമ്പനിക്കടുത്ത് സർക്കാറിന്റെ ഗ്യാസ് സിലിണ്ടറുകൾ വൃത്തിയാക്കുന്ന ഒരു കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് തീ പടരാതിരിക്കാനാണ് ഫയർ ഫോഴ്സ് ശ്രമിച്ചത്. പഞ്ചായത്ത്, കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നും ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഇവരാണ് വാങ്ങിയിരുന്നത്. ഇതിന്റെ വലിയ ശേഖരവും പ്ലാസ്റ്റിക് കുപ്പികളുടെ വലിയ ശേഖരവും ഇവിടെയുണ്ടായിരുന്നു.പ്ലാസ്റ്റിക് പൊടിക്കുന്ന ജോലികളും, കയറ്റിയയക്കുന്ന ജോലിയുമാണ് ഇവിടെ നടന്നു വന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വ്യവസായ എസ്റ്റേറ്റേറ്റിൽ പ്ലാസ്റ്റിക് കമ്പനികൾ പ്രവർത്തിക്കുന്നതെന്നും, ഒരു തീപ്പൊരി വീണാൽ പ്രദേശമാകെ കത്തി ചാമ്പലാകാൻ കാരണമാകുമെന്നും എസ്റ്റേറ്റേറ്റിലെ മറ്റ് വ്യവസായ യൂണിറ്റ് ഉടമകളും പ്രദേശവാസികളും പറയുന്നു.