കൊല്ലം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തടയുന്ന കാര്യത്തില്‍ ഭരണാധികാരികള്‍ കാണിക്കുന്ന വ്യഗ്രത അര്‍ഹതപ്പെട്ടവര്‍ക്ക് കുടിശ്ശിക നല്‍കുന്ന കാര്യത്തിലും കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
വാര്‍ധക്യകാല പെന്‍ഷന്‍ വൈകി നല്‍കിയതും കുടിശ്ശിക നല്‍കാത്തതും ചോദ്യം ചെയ്ത് സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കികൊണ്ടാണ് കമ്മീഷന്‍ അംഗം. വി. കെ.ബീനാ കുമാരിയുടെ ഉത്തരവ്. രണ്ടാഴ്ചയ്ക്കകം കുടിശ്ശിക നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. കൊല്ലം ജില്ലാ കളക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരനായ പട്ടത്താനം അമ്മന്‍നഗര്‍ -2, മണിച്ചിത്തോട് വയലില്‍ പുത്തന്‍വീട്ടില്‍ രാമരാജുവിന് 2013 ഡിസംബറില്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിച്ചിരുന്നെങ്കിലും അത് നല്‍കി തുടങ്ങിയത് 2015 ഒക്ടോബര്‍-നവംബര്‍ മാസത്തിലാണെന്ന് പറയുന്നു. 2016 ഓണത്തിന് കുടുംബശ്രീ നടത്തിയ സര്‍വ്വേയില്‍ പരാതിക്കാരന്‍ ഉള്‍പ്പെട്ടില്ലാത്തതുകാരണം കുടിശ്ശിക ലഭിച്ചില്ല. നിലവില്‍ അതാത് മാസത്തെ പെന്‍ഷന്‍ നല്‍കുന്നുണ്ട്. കുടിശ്ശിക സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്ക് നല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ സാങ്കേതിക ന്യായങ്ങളാണ് നിരത്തിയിരിക്കുന്നതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. 2013 ഡിസംബര്‍ മുതലുള്ള പെന്‍ഷന്‍ കുടിശ്ശിക ഉത്തരവ് ലഭിച്ച് രണ്ടാഴ്ചക്കകം നല്‍കണമെന്നും കമ്മീഷന്‍ കൊല്ലം ജില്ലാ കളക്ടര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറഞ്ഞു.