റെയില്‍വേ ക്രോസ് അടച്ചു പൂട്ടല്‍, പ്രതികരിച്ച് കൊടിക്കുന്നില്‍, യോഗം 19ന്

Advertisement
ഗേറ്റ് അടച്ചുപൂട്ടിയത് ജില്ലാ കലക്ടറുടെ അനുമതി പത്രത്തിന്‍റെ അടിസ്ഥാനത്തിലെന്ന് റെയില്‍വേ
ശാസ്താംകോട്ട/കൊല്ലം.  ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനും കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ലെവല്‍ക്രോസ്സ് (നമ്പര്‍.62) അടച്ചുപൂട്ടി യാത്രക്കാരുടെ വാഹനങ്ങള്‍ കടന്നുപോകുന്നത് ഒഴിവാക്കിയ നടപടി പുനപരിശോധിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ്.എം.ശര്‍മ്മയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. ലെവല്‍ക്രോസ്സ് നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം എം.പി ഡിവിഷണല്‍ റെയില്‍വേ മാനേജരെ അറിയിച്ചു.                          ആയിരക്കണക്കിന് യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ലെവല്‍ക്രോസ്സ് അടച്ചുപൂട്ടിയത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ ഈ ലെവല്‍ക്രോസ്സിന് മുന്നില്‍ ഇരുമ്പ് കുറ്റികള്‍ സ്ഥാപിച്ച് യാത്രക്കാരുടെ ഗതാഗത സ്വാതന്ത്ര്യം മുട്ടിച്ച റെയില്‍വേയുടെ പിന്തിരിപ്പന്‍ നടപടി പിന്‍വലിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.       

             തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളുടെ         വേഗത വര്‍ദ്ധിപ്പിച്ച് റെയില്‍വേ നിര്‍ദ്ദേശിച്ച ഉന്നതതല സംഘം നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ലെവല്‍ക്രോസ്സുകളുടെ എണ്ണം കുറച്ച് ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം അനുസരിച്ച് 3 ലെവല്‍ക്രോസ്സുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നമ്പര്‍.62 അടച്ചുപൂട്ടുന്നതിന് മുമ്പ് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ കൊല്ലം ജില്ലാ കളക്ടറുടെ അഭിപ്രായം തേടിയിരുന്നു. ജില്ലാ കളക്ടര്‍ ലെവല്‍ക്രസ്സ് അടച്ചുപൂട്ടുന്നത് സംബന്ധിച്ച നിര്‍ദ്ദേശം അംഗീകരിച്ച് റെയില്‍വേക്ക് കത്ത് നല്‍കിയത് കാണ്ട് മാത്രമാണ് ലെവല്‍ക്രോസ് അടച്ചുപൂട്ടാനുള്ള തീരുമാനം റെയില്‍വേ എടുത്തത്. 

ലെവല്‍ക്രോസ്സിന് പകരം ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ ജില്ലാ കളക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ 62 നമ്പര്‍ ലെവല്‍ക്രോസ്സ് അടച്ചുപൂട്ടിയത് നാട്ടുകാരോടുള്ള വെല്ലുവിളിയാണെന്ന് എം.പി അഭിപ്രായപ്പെട്ടു.ഇത് സംബന്ധിച്ച് ഡി.ആര്‍.എം ജില്ലാ കളക്ടറുമായി എം.പിയുടെ സാന്നിദ്ധ്യത്തില്‍ ടെലിഫോണില്‍ സംസാരിച്ചു.     യാത്രക്കാരുടെയും പ്രദേശവാസികളുടേയും ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തീരുമാനം പുനപരിശോധിക്കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയതായും എം.പി പറഞ്ഞു.  നമ്പര്‍.62 പുനസ്ഥാപിച്ച് യാത്രക്കാരുടെ ആവശ്യം പുനപരിശോധിക്കണമെന്നും യാത്രക്കാര്‍ക്കായി ലെവല്‍ക്രോസ്സ് അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും മധുര ഡി.ആര്‍.എം, സതേണ്‍ റെയില്‍വേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എന്നിവരോട് ആവശ്യപ്പെട്ടതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

 ലെവല്‍ക്രോസ്സ് പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് എം.പി, എം.എല്‍.എ, തദ്ദേശ ജനപ്രതിനിധികള്‍, ഡി.ആര്‍.എം, റെയില്‍വേ ഉദ്യോഗസ്ഥന്മാര്‍, റെവന്യൂ ഉദ്യോഗസ്ഥന്മാര്‍, എന്നിവരുടെ സംയുക്ത യോഗം 19.05.2023 രാവിലെ 11 മണിക്ക് മൈനാഗപ്പള്ളി പഞ്ചായത്ത് ഓഫീസില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് എം.പി അറിയിച്ചു.  
Advertisement