ശാസ്താംകോട്ട.തീരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലനില്‍ക്കുന്ന നിരോധനം ലംഘിച്ച് ശാസ്താംകോട്ട തടാക തീരത്ത് ജില്ലാ പഞ്ചായത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തകൃതി.സംരക്ഷിത ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിന്റെ അമ്പലക്കടവിലാണ് നിർമ്മാണം നടക്കുന്നത്. പൗരാണിക നിര്‍മ്മിതിയില്‍പെടുത്താവുന്ന ചെങ്കല്ലും പാറയും കൊണ്ട് സിമന്റ് ഉപയോഗിക്കാതെ നിർമ്മിച്ച കല്പടവ് മണ്ണുമാന്തി യന്ത്രം കൊണ്ട് കഴിഞ്ഞ ദിവസം പൊളിച്ച് മാറ്റിയിരിക്കുകയാണ്.കായലിന്റെ തീരത്ത് ഒരാൾ താഴ്ചയിൽ കിടങ്ങ് തീർക്കുകയും ഇളക്കി മാറ്റിയ മണ്ണ് കൂന കണക്കിന് തീരത്ത് തന്നെ കൂട്ടിയിട്ടിരക്കയുമാണ്.നിരവധി ലോഡ് മണ്ണ് കടത്തി കൊണ്ട് പോയതായും പറയപ്പെടുന്നു.
തീരത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മഴയിൽ തടാകത്തിലേക്ക് ഒഴുകിയെത്തി തടാകം നികരാനും കാരണമായേക്കാം.കാലവർഷം അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത് ആശങ്കയ്ക്ക് വഴി തെളിക്കുന്നു.മറ്റ് വകുപ്പുകളുടെ യാതൊരു അനുമതിയും ഇല്ലാതെയാണ് ജില്ലാ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനവുമായി രംഗത്തുള്ളത്.തടാകത്തിന് ദോഷകരമായ രീതിയിൽ സിമന്റ് പടികളും ഇരിപ്പിടങ്ങളും ശുചിമുറിയും വെയ്റ്റിംഗ് ഷെഡും നിർമ്മിക്കാനാണ് അമ്പലക്കടവിൽ തീരം ഇളക്കിമറിക്കുന്നത്.2017ൽ
ശാസ്താംകോട്ട ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ആറാട്ട് കടവ് വേർതിരിച്ച് എടുക്കുന്നതിനു വേണ്ടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ യാതൊരു നിർമ്മാണ പ്രവർത്തനവും നടത്തരുതെന്നായിരുന്നു ഉത്തരവ്.കൊല്ലം ജില്ലാ കളക്ടറുടെ നിരോധനാജ്ഞയും നിലനിൽക്കുന്നു.താലൂക്ക് ഓഫീസിനോട് ചേർന്ന് നിയമലംഘന പ്രവർത്തനങ്ങൾ നടന്നിട്ടും അധികൃതർ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പരാതിയുണ്ട്.അടിയന്തിരമായ ഇടപെട്ട് നിർമ്മാണം നിർത്തിവയ്പിക്കണമെന്നും നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മനക്കര ആലയിൽ കിഴക്കതിൽ മണികണ്ഠൻ ജില്ലാ കളക്ടർക്ക് പരാതി നൽകി.