കൊല്ലം: ഹെൽമറ്റ് ധരിക്കാത്ത യാത്രക്കാരൻ്റെ മേൽവിലാസം അന്വേഷിക്കാൻ നേരിട്ടിറങ്ങിയ സബ് ഇൻസ്പെക്ടറുടെ ‘ജാഗ്രത’ അത്ഭുതപ്പെടുത്തുന്നതായി മനുഷ്യാവകാശ കമ്മീഷൻ. എല്ലാ കേസുകളിലും ഇത്തരത്തിലുള്ള ജാഗ്രത തുടരണമെന്നും കമ്മീഷൻ വിമർശിച്ചു.
എസ് ഐ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരിയുടെ ഉത്തരവ്. ആരോപണത്തെ കുറിച്ച് ഇൻസ്പെക്ടർ റാങ്കിലുള്ള ഒരുദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ കൊല്ലം റൂറൽ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
കൊട്ടാരക്കര പുലമൺ സ്വദേശികളായ അമ്മയും മകളും സമർപ്പിച്ച പരാതിയിൽ കമ്മീഷൻ കൊല്ലം റൂറൽ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. 20 20 നവംബർ 19 ന് കൊട്ടാരക്കര ചന്തമുക്കിൽ ട്രാഫിക് പരിശോധനക്കിടയിലാണ് ട്രാഫിക് എസ് ഐ സമ്പത്തിനെതിരെ പരാതി ഉയർന്നത്. രണ്ടാം പരാതിക്കാരിയുടെ ഭർത്താവ് ഹെൽമറ്റ് ധരിക്കാതെ ബുള്ളറ്റ് ഓടിച്ചതിനെതിരെ കേസെടുത്തു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തുടർന്ന് വാഹനത്തിൻ്റെ ഉടമയെ അന്വേഷിച്ച് എസ്.ഐ പരാതിക്കാരിയുടെ
വീട്ടിലെത്തി.
എന്നാൽ ഹെൽമറ്റല്ല വിഷയമെന്നും സ്ത്രീകളായ തങ്ങളെ അപമാനിച്ചതിനെതിരെയാണ് പരാതി നൽകിയതെന്നും പരാതിക്കാർ കമ്മിഷനെ അറിയിച്ചു. തൻ്റെ ഭർത്താവിൻ്റെ ബുള്ളറ്റ് വാങ്ങാൻ എസ്.ഐ ഒരു ഏജൻറ് വഴി ശ്രമം നടത്തിയെന്നും ഇത് നൽകാത്തതിൻ്റെ
വിരോധത്തിലാണ് ഇപ്രകാരം പ്രവർത്തിച്ചതെന്നും പരാതിക്കാരിയായ മകൾ കമ്മീഷനെ അറിയിച്ചു.