ശാസ്താംകോട്ട. രണ്ടു ദിവസത്തേക്ക് അറ്റകുറ്റപ്പണിയ്ക്കെന്ന പേരിൽ അടച്ചുപൂട്ടിയ മൈനാഗപ്പള്ളി 62-ാം നമ്പർ ഗേറ്റ് സ്ഥിരമായി അടച്ച് പൂട്ടിയതിനെതിരെ പ്രതിഷേധം ഇരമ്പി. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മൈനാഗപ്പള്ളി പുത്തൻചന്തയിൽ നിന്ന് പ്രതിഷേധ പ്രകടനവും തുടർന്ന് ഗേറ്റിന് മുന്നിൽ യോഗവും നടത്തി.

ആയിരക്കണക്കിനാളുകൾ ദിവസവും ആശ്രയിക്കുന്ന ജനവാസ മേഖലയിലെ ലെവൽക്രോസ് യാതൊരു മുന്നറിയിപ്പും കൂടാതെയാണ് അടച്ച് പൂട്ടിയത്.ഇരുവശവും രണ്ടാൾ താഴ്ച്ചയിൽ നടുറോഡിൽ മണ്ണെടുത്ത് നാട്ടുകാരുടെ സഞ്ചാരം സ്വാതന്ത്ര്യം തടയുകയായിരുന്നു. അർദ്ധരാത്രിയിൽ മണ്ണുമാന്തി യന്ത്രവുമായി വന്ന് ട്രാക്കിലെ സപ്പോർട്ടിംഗ് പാളവും,സ്വീപ്പർ കട്ടയും എടുത്തു മാറ്റി. ട്രെയിനിൻ്റെ വേഗത വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ലവൽ ക്രോസുകളുടെ എണ്ണം കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് മൈനാഗപ്പള്ളിയിലെ ഗേറ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്നാണ് വിവരം.

എന്നാൽ ഈ ഗേറ്റ് വളരെ പ്രധാനപ്പെട്ടതാണ്. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ 5 വാർഡുകളിലേക്കുള്ള യാത്രാമാർഗ്ഗമാണ്.കൂടാതെ മൈനാഗപ്പള്ളി തടത്തിൽ മുക്കിലെ ഗേറ്റ് തുറക്കാൻ കഴിയാതെ വരുമ്പോൾ പകരമായി ഉപയോഗിക്കുന്നതും തടത്തിൽ മുക്കിൽ മേൽപ്പാലം നിർമ്മാണം ആരംഭിക്കുമ്പോൾ ഉപയോഗിക്കേണ്ടതും ഈ റെയിൽവേ ഗേറ്റാണ്. ഇന്ന് നടന്ന പ്രതിഷേധയോഗം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് അധ്യക്ഷത വഹിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അൻസർ ഷാഫി,വൈ.ഷാജഹാൻ, ബി.സേതുലക്ഷ്മി ,അനന്ദു ഭാസി,എസ്.അജയൻ, അരവിന്ദാക്ഷൻ പിള്ള, ജോസ് മത്തായി തുടങ്ങി വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും സംസാരിച്ചു.
ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍റെ സമീപത്തായിട്ടുള്ള മൈനാഗപ്പള്ളി ലെവല്‍ക്രോസ്സ് (ഘഇ ചീ.62) അടച്ചുപൂട്ടിയ നടപടി പുനപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായും ഗ്രാമ പഞ്ചായത്ത് അധികൃതരുമായും ചര്‍ച്ച ചെയ്യുന്നതിന് തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മെയ് 19 വെള്ളിയാഴ്ച 12 മണിക്ക് മൈനാഗപ്പള്ളിയിലെത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.