പുതിയ തലമുറയെ കണ്ടക്ടർ ലൈസൻസ് എടുപ്പിക്കാൻ ക്യാമ്പയിനുമായി മോട്ടോർ വാഹന വകുപ്പ്

Advertisement

ശാസ്താംകോട്ട.യാത്രക്കാരോടും വിദ്യാർത്ഥികളോടും മോശമായി പെരുമാറുന്നു എന്ന വ്യാപക പരാതി ഉണ്ടാകുന്ന സാഹചര്യത്തിൽ ഒരു പുതു തലമുറയെ കണ്ടക്ടർ ലൈസൻസ് എടുപ്പിക്കാൻ പ്രത്യേക പരിപാടിയുമായി മോട്ടോർ വാഹന വകുപ്പ്. പത്താം ക്ലാസ് വരെ പഠിച്ച് ജയിച്ചതോ തോറ്റവരോ ആയ തൊഴിൽ രഹിതരെ പരിശീലനം നൽകി കണ്ടക്ടർ ലൈസൻസ് എടുപ്പിച്ച് ബസ് മേഖലയിൽ ഉത്തരവാദിത്വമുള്ള ജീവനക്കാരെ സൃഷ്ടിച്ച് പൊതുഗതാഗത രംഗം ശക്തിപ്പെടുത്താനാണ് പരിപാടി.

കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെൻറിൻ്റേയും കുന്നത്തൂർ സബ് ആർ.ടി.ഒ യുടെയും കൊല്ലം ട്രാക്കിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മേയ് 20 ശനിയാഴ്ച ചക്കുവള്ളി ആർ.ടി.ഓഫിസിന് സമീപമുള്ള ദീവാനിയ ഹാളിൽ കുന്നത്തൂർ ജോയിൻറ് ആർ.ടി .ഒ ആർ.ശരത് ചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിശീലന പരിപാടി കൊല്ലം ആർ.ടി.ഒ ഡി. മഹേഷ് ഉദ്ഘാടനം ചെയ്യും. എൻഫോഴ്സ്മെൻറ് ആർ.ടി.ഒ എച്ച്.അൻസാരി മുഖ്യ പ്രഭാഷണം നടത്തും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഡി.വേണുകുമാർ, രാംജി.കെ.കരണ്‍, പ്രഥമ ശ്രുശ്രൂഷയിൽ ഡോ. ആതുരദാസ്, ഡോ. ഗിരൺ എന്നിവർ ക്ലാസുകൾ നയിക്കും.പരിപാടിയുടെ ഭാഗമായി മെഡിക്കൽ പരിശോധനയും ഉണ്ടാകും.അക്ഷയ അല്ലെങ്കിൽ സി.എസ്സ്.സി കേന്ദ്രങ്ങൾ മുഖേനെ മുൻകൂട്ടിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പരിശീലനത്തിന് ശേഷം കണ്ടക്ടർ ലൈസൻസിൻ്റെ ഓൺലൈൻ പരീക്ഷ നടത്തും.എസ്സ്.എസ്സ് എൽ.സി ( പാസ്/ ഫെയിൽ) സർട്ടിക്കറ്റ് ,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ ,ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, കണ്ടക്ടർ ലൈസൻസിനുള്ള അപേക്ഷ, ഫീസ് എന്നിവയാണ് അപേക്ഷിക്കാൻ വേണ്ടത്. സ്ത്രീകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മേയ് 20 ശനിയാഴ്ച ഒൻപതരക്ക് എത്തിച്ചേരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisement