മണ്‍ട്രോത്തുരുത്ത് റെയില്‍വേ സ്റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

Advertisement

കൊല്ലം/കുണ്ടറ. മണ്‍ട്രോത്തുരുത്ത് റെയില്‍വേ സ്റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്.എം. ശര്‍മ്മ നിര്‍ദ്ദേശം നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എം.പിയോടൊപ്പം മണ്ട്രോത്തുരുത്ത് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച ഡി.ആര്‍.എം അവിടെ നടന്നു വരുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. മണ്‍ട്രോത്തുരുത്ത് റെയില്‍വേ സ്റ്റേഷനില്‍ 3 കോടി രൂപ ചെലവഴിച്ച് ഒന്നും രണ്ടും പാറ്റ്ഫോമുകളുടെ ഉയരം വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും, സ്റ്റേഷന്‍റെ മുന്‍ഭാഗത്തുള്ള സര്‍ക്കുലേറ്റിംഗ് ഏരിയ മണ്ണിട്ട് ലെവലാക്കി ഇന്‍റര്‍ലോക്കിംഗ് സ്ഥാപിച്ച് വാഹനങ്ങളുടെ പാര്‍ക്കിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നേരില്‍ക്കണ്ടു.
കൂടാതെ സ്റ്റേഷനിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാനുള്ള പണികളും നടന്നുവരികയാണ്. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെ ഉയരം വര്‍ദ്ധിപ്പിച്ച് കഴിഞ്ഞാലുടന്‍ രണ്ട് പ്ലാറ്റ്ഫോമുകളേയും തമ്മില്‍ ബന്ധിപ്പിച്ച് ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുമെന്നും എം.പി പറഞ്ഞു. 18 കോച്ചുകളുള്ള ട്രെയിനുകള്‍ നിര്‍ത്താന്‍ ശേഷിയുള്ള പ്ലാറ്റ്ഫോമുകള്‍ 24 കോച്ചുകളുള്ള ട്രെയിനുകള്‍ക്ക് നിര്‍ത്താന്‍ പാകത്തില്‍ നീളം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.


സ്റ്റേഷന്‍ കെട്ടിടം പൂര്‍ണ്ണമായും റൂഫിംഗ് ചെയ്ത് മഴക്കാലത്ത് യാത്രക്കാര്‍ക്ക് മഴനനയാതിരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. രണ്ടാം പ്ലാറ്റ്പോമിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള റെയില്‍വേ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും പ്രദേസവാസികള്‍ക്ക് ഒന്നാം പ്ലാറ്റ്ഫോമ്ലേക്ക് വരുന്നതിനാവശ്യമായ പടവുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനും ഡി.ആര്‍.എം. നിര്‍ദ്ദേശം നല്‍കി. റെയില്‍വേ എഞ്ചിനീയറിംഗ് വിഭാഗം കോര്‍ഡിനേറ്റര്‍ അരുണ്‍കുമാര്‍, അഡീഷണല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ കാര്‍ത്തിക്, മണ്‍ട്രോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് സൂര്യകുമാരി, ഉള്‍പ്പടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും നാട്ടുകാരും സംഘത്തോടൊപ്പം നിവേദനങ്ങല്‍ നല്‍കാനെത്തിയിരുന്നു.

Advertisement