മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകളും മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് KSEB യ്ക്കും വീട്ടുകാർക്കും ഉണ്ടായത്.
വടക്കൻ മൈനാഗപ്പള്ളി ലതാഭവനത്തിൽ ആനന്ദൻ പിള്ളയുടെ വീട് പൂർണ്ണമായി തകർന്നു. സതീശൻ നാട്ടന്നൂർ, പൊന്നമ്മയമ്മ പൂവമ്പള്ളിൽ, ജഗദ അഞ്ചു വിള കിഴക്കതിൽ, സുമതി പണ്ടാര വിളയിൽ, സരസ്വതി കാരൂർ ത്തറയിൽ, എന്നിവരുടെ വീടുകൾ മരം വീണ് പൂർണ്ണമായി തകർന്നു. തെക്കടത്ത് തെക്കതിൽ ചന്ദ്രൻ പിള്ളയുടെ വീട്ടിലെ മരങ്ങൾ പൂർണ്ണമായും പിഴുത് വീണ നിലയിലായിരുന്നു. ഹരിതത്തിൽ മധുസൂദനൻ പിള്ളയുടെ കാറിന് മുകളിൽ മരം വീണ് കാർ തകർന്നു. ആദർശ് ഭവനത്തിൽ തുളസീധരൻ പിള്ളയുടെ കാലിത്തൊഴുത്തിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു.
ചിത്തിരവിലാസം സ്കൂളിന്റെ പരിസരത്ത് നിന്നിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള മാവ് കടപുഴകി വീണ് പെരുമ്പള്ളി കോളനിയിലെ നിരവധി വീടുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്. നിരവധി കർഷകർക്ക് കൃഷി നാശം ഉണ്ടായി. വൈദ്യുതി പുന:സ്ഥാപിക്കുന്നതിനും നാശനഷ്ടം ഉണ്ടായ വർക്ക് സഹായം നൽക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത്പ്രസിഡന്റ് പിഎം സെയ്ത് അധികൃതരോട് ആവശ്യപ്പെട്ടു.