കാഴ്ചയുടെ വെട്ടം പകര്‍ന്ന ഡോക്ടര്‍ക്ക് എ പ്ളസിന്‍റെ മധുരം നല്‍കാനെത്തി അവള്‍

Advertisement

ശാസ്താംകോട്ട. ഭരണിക്കാവിലെ എംടിഎംഎം നേത്രാശുപത്രി ഒപി യില്‍ ഡോ സഞ്ജയ് രാജുവിന്‍റെ മുന്നില്‍ ഒരു കവര്‍ നീട്ടിപ്പിടിച്ച കൈകളെത്തി. അസാമാന്യതിരക്കുള്ള ഒപി, കണ്ണ് ഓപ്പറേഷന്‍ കഴിഞ്ഞവരും പുതുതായി അഡ്മിഷന്‍ എടുക്കുന്നവരുമായ നൂറുകണക്കിന് ആളിന്റെ നീണ്ട നിര, അതിനിടെ ആണ് ആ കവര്‍, അതില്‍ ലഡുവായിരുന്നു.

‘സര്‍ എന്നെ മൂന്നു വയസില്‍ ഓപ്പറേഷന്‍ ചെയ്തതാണ് രണ്ടുകണ്ണിനും.ഞാന്‍ പത്താംക്‌ളാസ് പാസായി, മുഴുവന്‍ എ പ്‌ളസ് ഉണ്ട്’. ഡോക്ടറുടെ മുറിയില്‍ ശീതീകരണികള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നില്ല എന്നിട്ടും അവിടം കുളിര്‍മ്മയുള്ളതായിമാറി.

നന്ദന, അതായിരുന്നു അവളുടെ പേര്,പുത്തന്‍വിള വീട്, ആയൂര്‍. ആയൂരുനിന്നാണ് ഇത്രയും ദൂരം വരുന്നത്. തനിക്ക് കാഴ്ച തന്ന ഡോക്ടറെ തേടിയാണ് അവളെത്തിയത്.മൂന്നാം വയസില്‍ കാഴ്ചയുടെ വഴി തുറന്നുകൊടുത്ത കുട്ടിയുടെ ഓര്‍മ്മ ഡോക്ടര്‍ ചികഞ്ഞു കണ്ടെത്തി, ജന്മനാ ഉള്ള തിമിരത്തിന്റെ കുറേ പ്രശ്‌നസങ്കീര്‍ണമായ അവസ്ഥ ആയിരുന്നു അത്. മൂന്നുവയസിനുശേഷം കാഴ്ചയുടെ വെട്ടം തേടിയെത്തിയ കുഞ്ഞിക്കണ്ണുകളുടെ വിസ്മയം മൂന്നു പതിറ്റാണ്ടില്‍ മറക്കാനാവില്ല.

സാധാരണ ലഡു കഴിക്കാത്ത ഡോക്ടര്‍ അവളുടെ കയ്യില്‍ നിന്നും ലഡുവാങ്ങി, നഴ്‌സിംങ് സ്റ്റാഫും ആ ആഹ്ലാദ നിമിഷത്തില്‍ പങ്കെടുത്തു. മുറിവു വച്ചുകെട്ടിയ ഡോക്ടറെ അപ്പോള്‍ തന്നെ അതേ കത്രികയ്ക്ക് കുത്തിപ്പിളര്‍ക്കുന്ന കാലത്ത് ഇത്തരം നിമിഷങ്ങള്‍ക്കുവേണ്ടിയാണ് ജീവിതം, ഡോക്ടര്‍ സഞ്ജയ് രാജു പറയുന്നു. ഒരുലക്ഷം തിമിര ശസ്ത്രക്രിയകള്‍ ചെയ്തതിന്റെ ക്രഡിറ്റുള്ള സഞ്ജയ് രാജു നിരവധി സാമൂഹിക സഹായപദ്ധതികളില്‍ പങ്കാളിയാണ്.

Advertisement