കൊട്ടിയം: നിയന്ത്രണം വിട്ട റോഡ് റോളർ റോഡരികിലെ മതിലും, വീടിൻ്റെ ഗേറ്റും വൈദ്യുതി തൂണും തകർത്ത ശേഷം സൈക്കിളിലേക്ക് ഇടിച്ചു കയറി സൈക്കിൾ യാത്രക്കാരനായ പതിനഞ്ചുകാരന് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട റോളറിൽ നിന്നും പുറത്തേക്ക് ചാടിയ ഡ്രൈവറുടെ സഹായിയ്ക്കും പരിക്കേറ്റു.റോളറിൻ്റെ മുൻവശത്തെ ചക്രത്തിനടിയിൽ കുടുങ്ങിപ്പോയ പതിനഞ്ചുകരനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ക്രെയിനിൻ്റെ സഹായത്തോടെ അര മണിക്കൂറിലധികം നേരം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കാനായത്.ശനിയാഴ്ച രാവിലെ ഒമ്പതുമണിയ്ക്കു ശേഷം ഡീസൻ്റ് മുക്ക് – പുതുച്ചിറ റോഡിൽ വെട്ടിലത്താഴത്തായിരുന്നു അപകടം. വെട്ടിലത്താഴം ജ്യോതിസിൽ ജയകുമാർ – ശ്രീദേവി ദമ്പതികളുടെ മകൻ ജയദേവ് 15നാണ് ഗുരുതരമായി പരിക്കേറ്റത്.റോളർ ഡ്രൈവറുടെ സഹായിപേരൂർ ശിവനാണ് സംഭവസമയം റോളറിൽ നിന്നും ചാടിയതിനെ തുടർന്ന് പരിക്കേറ്റത്.വീട്ടിൽ നിന്നും സൈക്കിളിൽ വെട്ടിലത്താഴത്തുള്ള റൈസ് മില്ലിൽ അരിയും ഗോതമ്പും പൊടിപ്പിക്കുന്നതിനായി പോകുമ്പോഴാണ് ഡീസൻ്റ് മുക്ക് ഭാഗത്തേക്ക് വരികയായിരുന്ന റോഡ് റോളർ നിയന്ത്രണം വിട്ട് രാധാലയത്തിൽ സുനിൽകുമാറിൻ്റെ വീടിൻ്റെ മുൻവശത്തെ ചുറ്റുമതിലും ഗേറ്റും വൈദ്യുതി തൂണും തകർത്ത ശേഷം ജയദേവിൻ്റെ സൈക്കിളിലേക്ക് ഇടിച്ചു കയറിയത്. റോളർ വരുന്നതു കണ്ട് ജയദേവ് സൈക്കിളിൽ നിന്നും ഇറങ്ങിയെങ്കിലും സൈക്കിളുമായി അടിയിൽപ്പെടുകയായിരുന്നു. റോളർ നിയന്ത്രണം വിട്ടു റോഡിൻ്റെ വലതു വശത്തേക്ക് പോകുന്നതു കണ്ട് റോളറിൽ നിന്നും ചാടിയ പേരൂർ ശിവൻ്റെ പുറത്തേക്ക് മതിൽ തകർന്നുവീണാണ് പരിക്കേറ്റത്.സംഭവം നടന്നയുടൻ ഓടി കൂടിയ നാട്ടുകാർ വിവരം ഫയർഫോഴ്സിനെ വിവരം അറിയിച്ച ശേഷം മണ്ണുമാന്തിയന്ത്രവും ക്രെയിനും വരുത്തി ഫയർഫോഴ്സിൻ്റെ സഹായത്തോടെ ജയദേവിനെ പുറത്തെടുത്ത് പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിക്കുകയും, വിദഗ്ദ ചികിൽസക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.സംഭവമറിഞ്ഞ് കൊട്ടിയം പൊലീസും സ്ഥലത്തെത്തിയിരുന്നു. ഓയൂർ സ്വദേശിയായ ഒരു കരാറുകാരൻ്റെ ഉടമസ്ഥതയിലുള്ള റോഡ് റോളർ പുതുച്ചിറയിലെ ഒരു സ്വകാര്യ സ്കൂളിലെ ജോലികൾക്കു ശേഷം മടങ്ങവെയായിരുന്നു അപകടം.