കാരാളിമുക്ക് റെയില്‍വേ മേല്‍പ്പാലത്തില്‍ അപകടകരമായി തൂങ്ങി ഫ്ളക്സ് ബോര്‍ഡ്, പൊലീസ് എത്തി നീക്കം ചെയ്തു

Advertisement

ശാസ്താംകോട്ട.കാരാളിമുക്ക് റെയില്‍വേ മേല്‍പ്പാലത്തില്‍ അപകടകരമായി ഫ്ളക്സ് ബോര്‍ഡ്, പൊലീസ് എത്തി നീക്കം ചെയ്തു. മേല്‍പ്പാലത്തില്‍ സുരക്ഷക്കായി റെയില്‍ സ്ഥാപിച്ച ഗ്രില്ലിന് ഇടയില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് ആണ് രാത്രിയില്‍ ഇളകി താഴെ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനിലേക്ക് വീഴാവുന്നതരത്തില്‍ അപകടകരമായി കിടന്നത്. പ്രദേശത്തുകൂടി പോയ ഒരു പൊലീസ് ഓഫീസര്‍ വിളിച്ച് അപകടാവസ്ഥ അറിയിച്ചതനുസരിച്ച് ശാസ്താംകോട്ട പൊലീസ് എത്തി ബോര്‍ഡ് നീക്കി. പൊലീസ് സൈറണ് മുഴക്കി എത്തിയപ്പോഴാണ് സമീപ വാസികള്‍ ഇത് ശ്രദ്ധിച്ചത്. ഭരണിക്കാവില്‍ തുറന്ന ഒരു സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് ആണ് അപകടമുണ്ടാക്കിയത്. റെയില്‍വേ പാലത്തില്‍ ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കുന്നത് കുറ്റകരമാണ്. താലൂക്കില്‍ പലയിടത്തും റോഡ്യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നവിധത്തിലും കാറ്റത്ത് വീണ് അപകടമുണ്ടാകുംവിധത്തിലും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബോര്‍ഡ് വയ്ക്കാന്‍ കരാര്‍ എടുക്കുന്നവര്‍ ഒരു യുക്തിയുമില്ലാതെയാണ് അപകടകരമായി ഇത് സ്ഥാപിക്കുന്നത്.

Advertisement