ബ്രിജ് ഭൂഷൻ ശരൺ സിംഗിന്റെ പ്രതീകാത്മക കോലം എഐവൈഎഫ് പ്രവർത്തകർ കടലിൽ എറിഞ്ഞു

Advertisement

കരുനാഗപ്പള്ളി:- ഇൻഡ്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡണ്ടും ബി ജെ പി എം പി യുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ശരൺ സിംഗിന്റെ പ്രതീകാത്മക കോലം കടലിൽ എറിഞ്ഞു. ഗുസ്തി താരങ്ങൾ തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗ നദിയിൽ ഒഴുക്കിയ സമയത്ത് തന്നെയാണ് എഐവൈഎഫ് പ്രവർത്തകർ അഴീക്കൽ ബീച്ചിൽ ബ്രിജ് ഭൂഷൻ ശരൺ സിംഗിന്റെ പ്രതീകാത്മക കോലവും ഒഴുക്കിയത്.

അഴീക്കൽ ബീച്ചിൽ സംഘടിപ്പിച്ച ക്യാമ്പയിൻ എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം യു കണ്ണൻ ഉദ്ഘാടനം ചെയ്തു. സമരം ചെയ്യുന്നവരെ അടിച്ചമർത്തി തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യൻ ത്രിവർണ പതാക ഒളിമ്പിക്സ് വേദിയിൽ ഉയർത്തി വീശി ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ പേര് ഉയർത്തികാട്ടിയവരെയാണ് തെരുവിൽ വലിച്ചിഴക്കപ്പെടുന്നതെന്ന് സർക്കാർ ഓർക്കണമെന്നും ഇത് ഇന്ത്യൻ ജനത പൊറുക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം രശ്മി അംജിത്ത് സ്വാഗതം പറഞ്ഞു. അജാസ് എസ് പുത്തൻപുരയിൽ, എം അൻസർ ജമാൽ, സജിത എസ്, ഗൗതംകൃഷ്ണ, ജിഷ്ണു, മുകേഷ്, സിയാദ്, അമർജിത്ത്, ഗോകുൽ, കണ്ണൻ, വിഷ്ണു, ജിത്തു ആർ ബി തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement