പാഠപുസ്തകത്തിലെ തുള്ളല്‍ പാട്ടുകള്‍ നേരിട്ടറിയാം…

Advertisement

കൊല്ലം: ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള മലയാളം പാഠപുസ്തകത്തിലെ തുള്ളല്‍ പാട്ടുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒരു കൂട്ടം അദ്ധ്യാപകര്‍ ചിത്രീകരിക്കുന്നു. തുള്ളല്‍ കലാകാരന്‍ താമരക്കുടി കരുണാകരന്‍ മാസ്റ്ററുടെ കൊച്ചുമകള്‍ തുള്ളല്‍ കലാകാരി ഹരിചന്ദനയാണ് തുള്ളല്‍ അവതരിപ്പിക്കുന്നത്.
ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ അഞ്ച് തുള്ളല്‍ പാട്ടുകളാണ് കുട്ടികള്‍ക്ക് പഠിക്കാനുള്ളത്. മൂന്ന് ഓട്ടന്‍തുള്ളലും ഒരു ശീതങ്കന്‍ തുള്ളലും ഒരു പറയന്‍ തുള്ളലും. പത്തോളം അദ്ധ്യാപകരുടേയും കലാകാരന്മാരുടേയും സാങ്കേതിക വിദഗ്ധരുടേയും കൂട്ടായ്മയിലൂടെ തുള്ളല്‍ ചിത്രീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് നല്‍കാനാന് തീരുമാനം.
വിവിധ സ്‌കൂളുകളിലും ബിആര്‍സികളിലും ശില്പശാലകളിലും തുള്ളല്‍ അവതരിപ്പിച്ചപ്പോള്‍ വളരെ കുറച്ച് കുട്ടികള്‍ മാത്രമേ തുള്ളല്‍ നേരിട്ട് കണ്ടിട്ടുള്ളു എന്ന് മനസ്സിലാക്കി പാഠപുസ്തകത്തിലെ തുള്ളല്‍ കുട്ടികള്‍ കണ്ട് പഠിക്കുന്നതിനുവേണ്ടിയും മഹാകവി കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍ കഥകള്‍ പുതിയ തലമുറയില്‍ എത്തിക്കുന്നതിനുവേണ്ടിയുമാണ് ഈ ഉദ്യമം. അദ്ധ്യാപകനും കോ- ഓര്‍ഡിനേറ്റര്‍ കൂടിയായ എന്‍.കെ. ഹരികുമാറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍.എസ്. സുരേഷ് ബാബു ആണ് പരിപാടിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്.