കൊല്ലം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പത്തനാപുരം ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പരിസ്ഥിതി പുരസ്‌കാരം കേരളത്തിലെ വിദ്യാഭ്യാസചരിത്രത്തില്‍ സുപ്രധാന പങ്ക് വഹിച്ച ലേബര്‍ ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനും പരിസ്ഥിതിപ്രവര്‍ത്തകനുമായ ജോര്‍ജ്ജ് കുളങ്ങരയ്ക്ക്.
ലക്ഷക്കണക്കിന് പ്ലാവിന്‍ തൈകള്‍ നട്ട് ഭൂമിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിച്ച ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷന്റെ സ്ഥാപക ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പ്രമുഖ ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പിതാവാണ്. പരിസ്ഥിതി സംരക്ഷണത്തിനും പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനുമായി ഹിമാലയം മുതല്‍ കന്യാകുമാരി വരെ സ്വച്ഛഭാരതം പദ്ധതിയുടെ ഭാഗമായി അദ്ദേഹം നടത്തിയ യാത്ര മാധ്യമശ്രദ്ധ നേടിയിരുന്നു. പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള ചെയര്‍മാനും വനിതാ കമ്മീഷന്‍ മുന്‍ അംഗം ഷാഹിദാ കമാല്‍, ഗാന്ധിഭവന്‍ സ്നേഹരാജ്യം ചീഫ് എഡിറ്റര്‍ പി.എസ്. അമല്‍രാജ് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് അവാര്‍ഡിനായി ജോര്‍ജ് കുളങ്ങരയെ തിരഞ്ഞെടുത്തത്. 11,111 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് 5ന് പകല്‍ 11ന് ഗാന്ധിഭവനില്‍ നടക്കുന്ന പരിസ്ഥിതി ദിനാചാരണ സമ്മേളനത്തില്‍ വച്ച് മന്ത്രി ജെ. ചിഞ്ചുറാണി സമ്മാനിക്കുമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അറിയിച്ചു.
ഗാന്ധിഭവന്റെ ആഭിമുഖ്യത്തില്‍ ‘അടുത്ത വീട്ടിലൊരു മരം’ പദ്ധതി ഉദ്ഘാടനവും ജോര്‍ജ്ജ് കുളങ്ങര നിര്‍വ്വഹിക്കും.