പ്രിയപ്പെട്ട ഡോക്ടറെ സ്ഥലം മാറ്റാതിരിക്കാന്‍ഗര്‍ഭിണികളുടേയും അമ്മമാരുടെയും അപേക്ഷാ സമരം

Advertisement

കുണ്ടറ : തങ്ങളുടെ ദൈവതുല്യനായ ഡോക്ടറെ ഇവിടെ നിന്നും മാറ്റരുതെന്ന് അപേക്ഷിച്ച് ഒരു കൂട്ടം ഗര്‍ഭിണികളും അമ്മമാരും ആശുപത്രിയില്‍ സമരം നടത്തി. ഇന്നലെ കുണ്ടറ താലൂക്ക് ആശുപത്രിയിലായിരുന്നു ഈ വ്യത്യസ്തമായ സമരത്തിന് നാട്ടുകാര്‍ സാക്ഷ്യം വഹിച്ചത്. മൂന്നു വര്‍ഷമായി കുണ്ടറയില്‍ ജോലിനോക്കുന്ന ഗൈനക്കോളജി വിഭാഗം ഡോക്ടറായ എം.എസ് ഉണ്ണികൃഷ്ണനെ ചാലക്കുടിയിലേക്ക് സ്ഥലംമാറ്റിയതാണ് സമരത്തിനിടയാക്കിയത്.
രാവിലെ 11ന് ആരംഭിച്ച സമരത്തില്‍ പിഞ്ചുകുഞ്ഞുങ്ങളെ എടുത്താണ് അമ്മമാര്‍ സമരത്തിനെത്തിയത്. വന്ധ്യതാ ചിക്തിത്സയില്‍ വിദഗ്ധനായ ഡോക്ടറുടെ ചികിത്സയില്‍ നിരവധിപേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ എത്തുന്നത്. ഗര്‍ഭിണികളായവര്‍, മാതാവായവര്‍, ചികിത്സ പാതിയിലെത്തി മാതൃത്വത്തിന്റെ വഴിതെളിഞ്ഞു വരുന്നവര്‍ എന്നിവരുടെ ചികിത്സയ്ക്ക് ഒരു തുടര്‍ചികിത്സയും കിട്ടാത്തവിധമാണ് ഡോക്ടറെ ചാലക്കുടിയിലേക്ക് സ്ഥലംമാറ്റിയതെന്ന് സമരക്കാര്‍ പറയുന്നു.
സാധാരണ സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് ഇതെന്നായിരുന്നു ഡോക്ടറുടെ മറുപടിയെങ്കിലും പാതിവഴിയില്‍ ചികിത്സ ഉപേക്ഷിച്ചുപോകാന്‍ മനസ്സില്ലാത്ത അവസ്ഥയിലാണ് ഡോക്ടര്‍. സ്ഥലം മാറ്റണമെന്ന് നിര്‍ബന്ധമെങ്കില്‍ സ്വന്തം ജില്ലയിലേക്കെങ്കിലും സ്ഥലംമാറ്റം നല്‍കണമെന്നാണ് സമരക്കാര്‍ അപേക്ഷിക്കുന്നത്. തങ്ങളുടെ വിഷയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ ഒപ്പിട്ട അപേക്ഷ ബ്ലോക്ക് പഞ്ചായത്ത് അധികാരികള്‍ മുതല്‍ വകുപ്പ് മന്ത്രിവരെയുള്ളവര്‍ക്ക് സമരക്കാര്‍ നല്‍കും. ഫിന്‍സികുമാരി, അഞ്ജലി, ഹരിഷ്മ, രശ്മി, റ്റിനു വിജയകുമാര്‍ തുടങ്ങിയ നിരവധിപേരാണ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കിട്ട് സമരത്തില്‍ സംസാരിച്ചത്.

Advertisement