ആശുപത്രിയിലേക്കുളള യാത്രാമധ്യേ ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം; രക്ഷകരായി ജീവനക്കാര്‍

Advertisement

കൊല്ലം: ആശുപത്രിയിലേക്കുളള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. കൊട്ടാരക്കര വാക്കനാട് സ്വദേശിനിയായ 25 കാരിയാണ് ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിന് ചികിത്സ തേടിയ യുവതിയെ അടിയന്തിര വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടര്‍ കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത്. ഇതിനായി ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ഉടന്‍ കുണ്ടറ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ആബുലന്‍സ് പൈലറ്റ് ആദര്‍ശ്.ബി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ദിലീപ്.കെ. മോഹനന്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി യുവതിയുമായി കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് യാത്രതിരിച്ചു.
ആംബുലന്‍സ് കടപ്പാക്കട എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ദിലീപ് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി ആംബുലന്‍സില്‍ ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 10 മണിയോടെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ദിലീപിന്റെ പരിചരണത്തില്‍ യുവതി ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കി.
ഉടന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ദിലീപ് ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ഇരുവരെയും ആംബുലന്‍സ് പൈലറ്റ് ആദര്‍ശ് കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisement